കാടിന്റെ ഭംഗി ആസ്വദിക്കാനും ആവാസ വ്യവസ്ഥ അറിയാനും ആലപ്പുഴക്കാർക്ക് ഇനി ദൂരെയെങ്ങും പോകണ്ട. എടത്വ വീയപുരത്ത് ഒരു കുഞ്ഞ് റിസർവ് വനമുണ്ട്. വീയപുരം വനം ഡിപ്പോയിലെ കാഴ്ചകൾ ഒന്ന് കണ്ടു വരാം.
കൊച്ചു കുട്ടികൾക്ക് കാടിനെ അറിഞ്ഞ് പഠിക്കാം, കളിക്കാം, കൂട്ടുകൂടാം. മുതിർന്നവർക്ക് കാനന തണലിൽ ഒത്തുചേരാം, സൊറ പറഞ്ഞിരിക്കാം. വനമില്ലാത്ത ജില്ല എന്ന ദുഷ്‌പേര് ആലപ്പുഴയ്ക്ക് ഇനിയില്ല. ജില്ലയിലെ ഒരേ ഒരു റിസർവ് ഫോറസ്റ്റാണ് വീയപുരം വനം ഡിപ്പോ.
വനപാതയിലൂടെ ഒന്നര കിലോമീറ്റർ ട്രക്കിങ് നടത്താം. കാടും ആറും വനവും വള്ളിപ്പടർപ്പും വേണ്ടുവോളം കാണാം. വേനൽ കാലത്ത് ഈ വനം കുളിർമയാണ്. ഈ കാലവർഷത്തിൽ മഴ നടത്തത്തിനായി ഇവിടെ ഒത്തുചേരാം. അപൂർവയിനം തവളകളും ചിത്രശലഭങ്ങളും ഇവിടെയുണ്ട്. ദേശാടനപ്പക്ഷികളും നിരവധി.
ആദിവാസികളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന വന ഉൽപ്പന്നങ്ങൾ വാങ്ങാനും സൗകര്യമുണ്ട്. നഗരങ്ങളുടെ തിരക്കിനപ്പുറം ആലപ്പുഴയിൽ ഈ കാട് ശ്വാസമെടുക്കുകയാണ്. വരുംതലമുറയ്ക്ക് പച്ചപ്പിന്റെയും ജീവന്റെയും പാഠങ്ങൾ നിശബ്ദമായി പകർന്നു നൽകുകയാണ്.