തിരുമേനി ഹയർസെക്കൻഡറി സ്കൂളിലെ ആ പഴയ എട്ടാം ക്ലാസുകാരൻ ഇന്ന് മന്ത്രിയാണ്. കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി. പത്താം ക്ലാസിൽ സ്കൂൾ ലീഡർ ആകാൻ കൊതിച്ച റോജി അതേ സ്കൂളിലേക്ക് പതിറ്റാണ്ടുകൾക്ക് അപ്പുറം നടന്നു കയറുന്നത് മേള വാദ്യങ്ങളോടെയാണ്. അന്നത്തെ സഹപാഠികളും അധ്യാപകരും നാട്ടുകാരുമെല്ലാം ആ പൂർവ്വ വിദ്യാർഥിയെ കാണാൻ സ്കൂൾ അങ്കണത്തിലേക്ക് ഒഴുകിയെത്തി.
റോജി എം ജോണിന്‍റെ കുട്ടിക്കാലം കണ്ണൂരിന്‍റെ മലയോരമായ ചെറുപുഴയിലായിരുന്നു. താബോറിലും ഉദയഗിരിയിലും തിരുമേനിയിലും എല്ലാമായി ഓടിക്കളിച്ചു നടന്ന സ്കൂൾ കാലമായിരുന്നു അത്. പിന്നീടാണ് എറണാകുളത്തേക്ക് തുടർ പഠനവും രാഷ്ട്രീയ ജീവിതവും മാറിയത്. എട്ടാം ക്ലാസ് മുതൽ മന്ത്രി പഠിച്ചത് കണ്ണൂർ ചെറുപുഴയിലെ തിരുമേനി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലാണ്. സുവർണ്ണ ജൂബിലിയുടെ നിറവിൽ എത്തിയ തിരുമേനി സ്കൂളിൽ ആഘോഷം ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി എത്തിയത്.
സ്കൂൾ അധികൃതർ മന്ത്രിക്ക് ഒരു സർപ്രൈസ് ഒരുക്കി വെച്ചിരുന്നു. 1996-97 ലെ പത്താം ക്ലാസ് ബാച്ചിന്റെ പഴയ ഗ്രൂപ്പ് ഫോട്ടോ. തീർന്നില്ല കൂട്ടുകാരും അധ്യാപകരും ചേർന്ന് മന്ത്രിക്ക് മറ്റൊരു സമ്മാനവും നൽകി. പഴയ അധ്യാപകരെ മന്ത്രി പൊന്നാട അണിയിച്ചപ്പോള്‍ കാലം കാത്തുവച്ച മനോഹര നിമിഷങ്ങള്‍ക്കാണ് തിരുമേനി സ്കൂള്‍ സാക്ഷ്യം വഹിച്ചത്.