യുവ അഭിഭാഷകയ്ക്ക് ഭർത്താവിൽ നിന്ന് ക്രൂരമർദനം. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി മനു പി.മാത്യുവിനെതിരെ സമൂഹമാധ്യമങ്ങളിൽ ഭാര്യ പോസ്റ്റിട്ടു. ഗർഭിണിയായിരിക്കെയും മർദിച്ചുവെന്ന് പരാതിക്കാരി മനോരമ ന്യൂസിനോട് പറഞ്ഞു.
2023 സെപ്റ്റംബർ 9 നാണ് പരാതിക്കാരിയുടെയും പ്രമുഖ വ്യവസായി ഇടുക്കി കഞ്ഞിക്കുഴി സ്വദേശി മനു പി മാത്യുവിന്റെയും വിവാഹം.
വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം മുതൽ ക്രൂരമായ മർദനത്തിന് ഇരയായതായും ഭർത്താവിന് അമിതമായ സംശയരോഗം ഉണ്ടെന്നും മദ്യപിച്ച് ഉപദ്രവിച്ചെന്നും പരാതിക്കാരി പറഞ്ഞു. ആദ്യതവണ ഗർഭിണിയായപ്പോൾ കുട്ടി തന്റേതല്ലെന്ന് ആരോപിച്ച് മനു നിർബന്ധപൂർവ്വം ഗർഭഛിദ്രം നടത്തിപ്പിച്ചു. രണ്ടാമത് ഗർഭിണിയായപ്പോൾ മർദനം തുടർന്നതോടെ സ്വന്തം വീട്ടിലേക്ക് മാറി. എന്നാൽ, യുവതി സ്വമേധയാ ഇറങ്ങിപ്പോയതാണെന്ന് കാണിച്ച് മനു ഡിവോഴ്സ് നോട്ടീസ് അയച്ചു. കുഞ്ഞ് ജനിച്ചിട്ടും കാണാൻ പോലും തയ്യാറായില്ല.
ജനുവരി ഒന്നിന് തനിക്കുണ്ടായ ദു:സംഭവങ്ങൾ ചൂണ്ടിക്കാട്ടി പരാതിക്കാരി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു. പോസ്റ്റ് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് അപരിചിത നമ്പറിൽ സഹോദരന്‍റെ ഫോണിലേക്ക് വധഭീഷണി ഉണ്ടായി.
ഇൻസ്റ്റഗ്രാം പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ട് കന്നഡ ഭാഷയിലാണ് സഹോദരന്റെ ഫോണിലേക്ക് ഭീഷണി സന്ദേശമെത്തിയത്, ഇതേ തുടർന്ന് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ പരാതി നൽകി . ബാംഗ്ലൂരിൽ ബിസിനസ് നടത്തുന്ന മനുവിനെതിരെ നിയമപോരാട്ടം ആരംഭിച്ചിരിക്കുകയാണ് കുടുംബം.