തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷം. കുരുക്കിൽ മണിക്കൂറുകൾ കുടുങ്ങുന്നതിനാൽ സഞ്ചാരികളിൽ പലരും തിരികെ മടങ്ങി. ദേശീയപാത നിർമ്മാണം പുരോഗമിക്കുന്നതിനാൽ ഗതാഗതം വഴി തിരിച്ചു വിടുന്നതും സഞ്ചാരികളെ വലയ്ക്കുകയാണ്.
മൂന്നാറിലെ മഞ്ഞു വീഴ്ച സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായതോടെയാണ് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയത്. എന്നാൽ പ്രതീക്ഷയോടെ എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് കിലോമീറ്ററുകൾ നീണ്ട ഗതാഗതക്കുരുക്ക്. രാത്രിയിലും സ്ഥിതി സമാനമാണ്.
കുരുക്ക് നിയന്ത്രിക്കാൻ പൊലീസ് ഉണ്ടെങ്കിലും ലക്ഷ്യസ്ഥാനത്തേക്കെത്താൻ പലർക്കും കഴിയാറില്ല. ഇതോടെ ശുചിമുറികളിൽ പോകാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ വിനോദയാത്ര ദുരിതയാത്രയാവുകയാണ്.
പുതുവർഷം എത്തുന്നതോടെ തിരക്ക് വീണ്ടും വർധിക്കും. ഇതോടെ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആശങ്ക. അഴിയാക്കുരുക്ക് തുടരുമ്പോഴും സ്ഥിതി നിയന്ത്രിക്കാൻ എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നാണ് മൂന്നാർ പൊലീസ് പറയുന്നത്.