മൂന്നാറിൽ വനംവകുപ്പിനെ പ്രതിസന്ധിയിലാക്കി സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം. പഴയ മൂന്നാറിൽ കരടിയെ കണ്ടെന്നായിരുന്നു പ്രചാരണം. കരടിയുടെ ചിത്രം എ ഐ നിർമിതമാണെന്ന് കണ്ടെത്തിയതോടെ വനംവകുപ്പ് പൊലീസിൽ പരാതി നൽകി.
രണ്ടാഴ്ച മുമ്പ് മൂന്നാർ മാട്ടുപ്പെട്ടിയിൽ കടുവ ഇറങ്ങിയെന്ന വ്യാജ പ്രചാരണം വനംവകുപ്പിന് തലവേദനയായിരുന്നു. ഇതിന് പിന്നാലെയാണ് എ ഐ നിർമിത കരടിയുടെ ദൃശ്യങ്ങൾ വനംവകുപ്പിനെ പ്രതിസന്ധിയിലാക്കിയത്. പഴയ മൂന്നാറിൽ കരടി ഇറങ്ങിയെന്ന രീതിയിലായിരുന്നു ചിത്രം പ്രചരിച്ചത്. വിവരമറിഞ്ഞതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് വ്യാപകമായി പരിശോധന നടത്തി. പിന്നീടാണ് ചിത്രം വ്യാജമാണെന്ന് തെളിഞ്ഞത്.
തുടർച്ചയായി വ്യാജ പ്രചരണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ നടപടി കടുപ്പിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. കരടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും. മൂന്നാറിലെ വിവിധ മേഖലകളിൽ വന്യജീവി ശല്യം തുടരുന്ന സാഹചര്യത്തിൽ വ്യാജ പ്രചരണങ്ങൾ വനം വകുപ്പിനെ വെട്ടിലാക്കുകയാണ്