ചരിത്രമെഴുതി ഇടുക്കി കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ്. വിദ്യാർഥികൾ നിർമിച്ച ഡെമോൺസ്‌ട്രേറ്റർ റോക്കറ്റ് വിക്ഷേപിച്ചു. സംസ്ഥാനത്ത് ക്യാമ്പസിനുള്ളിൽ നിന്ന് വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റാണിത്. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞനും കോളജിന്റെ ഗവേഷണ വിഭാഗം ഡീനുമായ ഡോക്ടർ ഉമ്മൻ തരകന്റെ നേതൃത്വത്തിൽ നൂറോളം വിദ്യാർഥികളാണ് റോക്കറ്റിന്റെ നിർമാണവും വിക്ഷേപണവും പൂർത്തിയാക്കിയത്.
അതിരുകളില്ലാത്ത ആകാശത്തെ കൈപ്പിടിയിലൊതുക്കിയതിന്റെ സന്തോഷത്തിലാണ് കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജിലെ ഒരുകൂട്ടം വിദ്യാർഥികൾ. സുഗന്ധവ്യഞ്ജനങ്ങളുടെ വളർച്ച പരിശോധിക്കുക, അന്തരീക്ഷ താപനില കണ്ടെത്തുക തുടങ്ങിയവയാണ് വിക്ഷേപണം ലക്ഷ്യമിട്ടത്. ഒരുകിലോമീറ്റർ ഉയരത്തിൽ റോക്കറ്റ് പോകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് 30 മീറ്റർ മാത്രമാണ് സഞ്ചരിക്കാനായത്.
ഇവിടെ തീരുന്നില്ല ഇവരുടെ പ്രയത്നം. മൂന്ന് മാസത്തിനകം ലക്ഷ്യമിട്ടിരുന്ന ഒരു കിലോമീറ്റർ ദൂരം റോക്കറ്റ് ഉപയോഗിച്ച് താണ്ടാനാണ് തീരുമാനം. അതിനായി റോക്കറ്റിന്റെ പുനർനിർമാണം തുടങ്ങി.