ഇടുക്കിയിൽ 72 വയസുകാരിയെ സഹോദരീപുത്രൻ ചുട്ടു കൊന്ന കേസിൽ കോടതി ഇന്ന് വിധി പറയും. 2021 ലാണ് സ്വത്ത് തർക്കത്തിന്റെ പേരിൽ കൊലപാതകം നടന്നത്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ക്രൂര കൊലപാതകത്തിന് പരമാവധി ശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
മുട്ടം സ്വദേശി സരോജിനിയെ 2021 മാർച്ച് 31 ന് പുലർച്ചെയാണ് സഹോദരി പുത്രൻ സുനിൽകുമാർ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. സരോജിനിക്കൊപ്പം മുട്ടത്തെ വീട്ടിലായിരുന്നു സുനിൽകുമാർ താമസിച്ചിരുന്നത്. തന്റെ പേരിലുള്ള മുഴുവൻ സ്വത്തും സുനിൽകുമാറിന് നൽകാമെന്ന് സരോജിനി ഉറപ്പു നൽകിയിരുന്നു. പിന്നീട് സ്വത്ത് ഭാഗം വെച്ചപ്പോൾ മറ്റ് സഹോദരിമാരുടെ മക്കൾക്ക് കൂടി നൽകിയതാണ് പ്രകോപനത്തിന് കാരണം.
ഉറങ്ങിക്കിടക്കുകയായിരുന്ന സരോജിനിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. മരണം കൊലപാതകമല്ലെന്ന് വരുത്താൻ വീട്ടിലെ പാചകവാതക സിലിണ്ടർ തുറന്നുവിട്ടു. അടുപ്പിൽനിന്ന് തീയാളി റബർ ഷീറ്റ് കത്തിയാണ് അപകടമുണ്ടായതെന്നാണ് സുനിൽ കുമാർ ആദ്യം പൊലീസിന് മൊഴി നൽകിയത്. പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനയെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസ് അട്ടിമറിക്കാൻ സുനിൽ ശ്രമിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.