ഇടുക്കിയിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള തർക്കങ്ങൾ യുഡിഎഫിൽ തുടരുന്നതിനിടെ നേതൃത്വത്തെ ഞെട്ടിച്ച് പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു. വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റായിരുന്ന എംഎ ബിജുവാണ് ബിജെപിയിൽ അംഗത്വമെടുത്തത്. പ്രസിഡന്റായിരുന്ന സമയത്ത് യുഡിഎഫിൽ നിന്നും വേണ്ട പിന്തുണ ലഭിച്ചില്ലെന്നാണ് ബിജുവിന്റെ ആരോപണം
നാമനിർദ്ദേശപത്രിക സമർപ്പണം കഴിഞ്ഞിട്ടും റിബലുകൾ യുഡിഎഫിന് തലവേദനയാക്കുമ്പോഴാണ് വണ്ണപ്പുറത്തെ ചുവടുമാറ്റം. ജില്ലയിൽ കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള പഞ്ചായത്തുകളിൽ ഒന്നാണ് വണ്ണപ്പുറം. ടൗൺ വാർഡിൽ മത്സരിക്കാൻ ബിജു സീറ്റ് ചോദിച്ചിരുന്നെങ്കിലും നൽകാൻ പാർട്ടി തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ബിജെപിയിലേക്കുള്ള കൂടുമാറ്റമെന്നാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നത്. എന്നാൽ വ്യക്തിപരമായ തീരുമാനമെന്ന് മാത്രമാണ് ബിജുവിന്റെ മറുപടി
കട്ടപ്പനയിലും തൊടുപുഴയിലുമുൾപ്പെടെ സീറ്റ് വിഭജിച്ചത് മുതിർന്ന നേതാക്കളുടെ ഇഷ്ടക്കാർക്കാണെന്ന ആരോപണം നിലനിൽക്കുകയാണ്.
ബിജുവിന്റെ രാജിയോടെ കൂടുതൽ പ്രവർത്തകർ പാർട്ടി വിട്ടേക്കുമൊയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. കോൺഗ്രസിൽ രൂക്ഷമാകുന്ന പാളയത്തിൽ പട വണ്ണപ്പുറത്ത് ഗുണം ചെയ്യുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ.