പതിവായി കാട്ടാനകൾ ജനവാസ മേഖലയിലിറങ്ങുന്നതിനാൽ കടുത്ത ദുരിതത്തിലാണ് മൂന്നാറിലെ തോട്ടം മേഖല. കൂട്ടമായി എത്തുന്ന കാട്ടാനകൾ ഇതുവരെ ലക്ഷങ്ങളുടെ കൃഷിനാശമുണ്ടാക്കി. വനം വകുപ്പ് നിരീക്ഷണമുണ്ടായിട്ടും കാട്ടാനകളെ തടയാൻ സാധിച്ചിട്ടില്ല.
മൂന്നാർ, ദേവികുളം, ലാക്കാട് എന്നിവിടങ്ങളിലെ എസ്റ്റേറ്റ് മേഖലകളിലാണ് കാട്ടാനക്കൂട്ടം നാശം വിതച്ചത്. കൊരണ്ടിക്കാട് എസ്റ്റേറ്റിലിറങ്ങിയ കാട്ടാനക്കൂട്ടം വിളവെടുപ്പിന് പാകമായ ബട്ടർ ബീൻസ് നശിപ്പിച്ചു. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സൗരോർജ വേലി തകർത്താണ് കാട്ടാനക്കൂട്ടം കൃഷിയിടത്തിലെത്തിയത്.
കാട്ടാനകളിപ്പോഴും ജനവാസ മേഖലയ്ക്ക് സമീപം തുടരുകയാണ്. വേനൽ കടുത്താൽ കട്ടാന ശല്യം കൂടുതൽ രൂക്ഷമാകും. ഇതിനുമുമ്പ് ആനകളെ ഉൾവനത്തിലേക്ക് തുരത്തണമെന്നാണ് ആവശ്യം. മേഖലയിൽ നിരീക്ഷണം ശക്തമാക്കിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് വനം വകുപ്പിന്‍റെ വിശദീകരണം.