കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള നിർമ്മാണം നിരോധിച്ചതിൽ വനംവകുപ്പിന് വീഴ്ച പറ്റിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നിരോധനത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി യൂത്ത് കോൺഗ്രസ്.
നേര്യമംഗലം മുതൽ വാളറ വരെയുള്ള 14 കിലോമീറ്റർ ഭാഗത്തെ റോഡ് നിർമ്മാണം ഹൈക്കോടതി നിരോധിച്ചിട്ട് രണ്ട് മാസം പിന്നിട്ടു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന് കണ്ടെത്തിയതോടെയായിരുന്നു നിരോധനം. എന്നാലിതുവരെ തിരുത്തിയ സത്യവാങ്മൂലം സർക്കാർ കോടതിയിൽ സമർപ്പിച്ചിട്ടില്ല. വിഷയത്തിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു
നിർമ്മാണം പൂർത്തിയാകാത്തതിനാൽ റോഡിൽ മണ്ണും മരവും വീണ് അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മന്ത്രി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. റോഡിന്റെ ഇരുവശത്തുമായി 100 അടിയോളം സ്ഥലം നിർമാണ പ്രവർത്തികൾക്കായി മലയാറ്റൂർ റിസർവിൽ നിന്നും പതിറ്റാണ്ടുകൾക്ക് മുമ്പ് ഒഴിവാക്കിയതാണെന്നാണ് ദേശീയപാത സംരക്ഷണ സമിതിയുടെ വാദം. എന്നാൽ ഇത് വനഭൂമിയാണെന്നാണ് ഹൈക്കോടതിയിൽ വനം വകുപ്പ് നൽകിയ സത്യവാങ്മൂലം. വനംവകുപ്പിന് തെറ്റ് പറ്റിയെങ്കിൽ സത്യവാങ്മൂലം തിരുത്താൻ കാലതാമസം എന്തിനാണെന്ന് സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല