പുഴ കടക്കാൻ പാലം ഇല്ലാത്തതിനാൽ ഏഴ് പതിറ്റാണ്ടായി ദുരിതത്തിലാണ് ഇടുക്കി കമ്പനിലൈൻ ഉണ്ണിക്കുഴി നിവാസികൾ. പലതവണ പരാതിപ്പെട്ടെങ്കിലും സ്കൂൾ കുട്ടികൾ മുതൽ പ്രായമായവർ വരെ ഇപ്പോഴും ജീവൻ കയ്യിൽ പിടിച്ച് തടി പാലത്തിലൂടെയാണ് മറുകരയെത്തുന്നത്
ഉണ്ണിക്കുഴിക്കാർക്ക് കല്ലാറിലേക്കെത്താൻ മുതിരപ്പുഴയാറിന്റെ കൈവഴിയായ വട്ടയാർ താണ്ടണം. അതിനാണ് ഈ സാഹസം. കുടിയേറ്റ മേഖലയായ ഇവിടെ ആദ്യം ഉണ്ടായിരുന്നത് നടപ്പാത മാത്രമായിരുന്നു. പാതയ്ക്ക് വീതി കൂട്ടിയതോടെ മറുകരയെത്താൻ പാലം വേണമെന്ന ആവശ്യമുയർന്നെങ്കിലും ഇപ്പോഴും ഈ മരപ്പാലം മാത്രമാണ് ആശ്രയം. വേനൽക്കാലത്ത് പുഴയിൽ കല്ലുകൾ നിരത്തിയാണ് വാഹനങ്ങൾ മറുകരയെത്തിക്കുക. മഴ കനക്കുമ്പോൾ താൽക്കാലികമായി ഉണ്ടാക്കിയ തടിപ്പാലങ്ങളും അപകടാവസ്ഥയിലാവും
തടിപ്പാലത്തിലൂടെ നടന്നു പോകുന്നതിനിടെ നിരവധി പേർക്കാണ് പരുക്കേറ്റത്. പാലം വേണമെന്നാവശ്യത്തിന് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പള്ളിവാസൽ പഞ്ചായത്ത് അധികൃതർ തടസം നിൽക്കുകയാണെന്നാണ് ആരോപണം. ഇനിയെങ്കിലും സുരക്ഷിത യാത്രയ്ക്ക് പാലം നിർമ്മിക്കാൻ തയ്യാറാകണമെന്നാണ് ആവശ്യം