ഇടുക്കി ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി. മംഗലാപുരം സ്വദേശികളായ വിനോദ സഞ്ചാരികളാണ് കുടുങ്ങിയത്. വിനോദ സഞ്ചാരികൾ കുടുങ്ങിയിട്ടും നടത്തിപ്പുകാർ അഗ്നിരക്ഷാസേനയെ അറിയിച്ചില്ല.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആനച്ചാലിലെ സതേൺ സ്കൈസിൽ സ്കൈ ഡൈനിങ് ആസ്വദിക്കാൻ എത്തിയവർ 120 അടി ഉയരത്തിൽ കുടുങ്ങിയത്. മംഗലാപുരത്ത് താമസിക്കുന്ന മലയാളികളായ മുഹമ്മദ് സ്വഫാൻ, ഭാര്യ തൗഫീന, മക്കളായ ഇവാൻ, ഇനാര എന്നിവരും ജീവനക്കാരി ഹരിപ്രിയയുമാണ് ആകാശ പേടകത്തിലുണ്ടായിരുന്നത്. നടത്തിപ്പുകാർ ഇവരെ താഴെയിറക്കാൻ ശ്രമം നടത്തിയെങ്കിലും നടക്കാതെ വന്നതോടെ അഗ്നിശമനസേന സ്ഥലത്തെത്തി. താഴെ വലവിരിച്ച് വടം ഉപയോഗിച്ചാണ് ആളുകളെ സുരക്ഷിതരായി താഴെ എത്തിച്ചത്
പേടകത്തെ മുകളിലേക്ക് ഉയർത്തുന്ന ക്രെയിനിന്റെ സാങ്കേതിക തകരാറാണ് പിഴവിന് കാരണം. സഞ്ചാരികൾ കുടുങ്ങിയിട്ടും അഗ്നിശമനസേനയെ വിവരമറിയിക്കാൻ നടത്തിപ്പുകാർ തയാറായില്ല. താഴെയിറക്കിയ സഞ്ചാരികൾക്ക് പ്രാഥമിക ചികിത്സ നൽകി. നീയമാനസൃതമായാണോ സാഹസിക വിനോദമായ സ്കൈ ഡൈനിങ് പ്രവർത്തിക്കുന്നതെന്ന് വെള്ളത്തൂവൽ പൊലീസ് അന്വേഷണം തുടങ്ങി