സെപ്റ്റിക്ടാങ്ക് നിറഞ്ഞ് പുറത്തേക്കുകൊഴുകുന്നതിനാൽ ദുരിതത്തിലാണ് ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സക്കെത്തുന്നവർ. അത്യാഹിത വിഭാഗത്തിന് സമീപത്തെ സെപ്റ്റിക് ടാങ്ക് മാലിന്യമാണ് പുറത്തേക്കൊഴുകുന്നത്. ദുർഗന്ധം സഹിക്കാൻ വയ്യാതെ രോഗികൾ പരാതിപ്പെട്ടിട്ടും നാളിതുവരെ പരിഹാരമായില്ല.
ഈ മലിനജലം ചവിട്ടി വേണം ഇടുക്കി മെഡിക്കൽ കോളജിലെത്തുന്നവർ അത്യാഹിത വിഭാഗത്തിലെത്താൻ. ദിവസേന ആയിരത്തിലധികമാളുകള്‍ ആശ്രയിക്കുന്ന ആശുപത്രി പരിസരത്ത് പകർച്ചവ്യാധി ഭീഷണിയുണ്ടായിട്ടും യാതൊരു നടപടിയുമെടുത്തിട്ടില്ല. കരാർ കമ്പനിയായ കിറ്റ്കോ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സെപ്റ്റിക് ടാങ്ക് നിർമ്മിച്ചത്. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കാത്തതും പ്രതിസന്ധിയാവുകയാണ് .
ആശുപത്രിയിൽ ഉപയോഗിക്കൻ സാധിക്കുന്ന വലുപ്പത്തിലല്ല സെപ്റ്റിക് ടാങ്കെന്ന് നിർമ്മാണ ഘട്ടത്തിൽ തന്നെ ആക്ഷേപമുയർന്നിരുന്നു. പ്രശ്നത്തിന് പരിഹാരം കാണണമെങ്കിൽ ഇനിയും മാസങ്ങളെടുക്കുമെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം