മുകളിൽ നിന്ന് മാത്രം ആസ്വദിക്കാൻ കഴിയുന്ന ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. എന്നാൽ അപകടം പതിയിരിക്കുന്ന ഇവിടെ സുരക്ഷാസംവിധാനങ്ങളില്ല. കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട സഞ്ചാരിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.
കാഴ്ചയിൽ അതിമനോഹരം. പക്ഷേ അടുത്തറിയാൻ ശ്രമിച്ചാൽ ജീവൻ വരെ നഷ്ടപ്പെട്ടേക്കാം. അത്ര വലിയ അപകടങ്ങളാണ് തൂവൽ അരുവിയിലെ ഈ വെള്ളച്ചാട്ടം ഒളിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ഇവിടെ പൊലിഞ്ഞത് 12 ജീവനുകൾ. മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുന്നതിനപ്പുറം യാതൊരു സുരക്ഷയും ഒരുക്കിയിട്ടില്ല. കഴിഞ്ഞദിവസം ഒഴുക്കിൽപ്പെട്ട തമിഴ്നാട് സ്വദേശിയെ നാട്ടുകാർ കയർ കെട്ടി വലിച്ചുകയറ്റുകയായിരുന്നു.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അഞ്ച് വർഷം മുൻപ് ലക്ഷങ്ങൾ ചെലവാക്കി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ നിർമ്മിച്ചെങ്കിലും ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. ഇനിയുമൊരു ജീവൻ പൊലിയുന്നതിന് മുൻപ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ പഞ്ചായത്ത് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.