ഇടുക്കി പരുന്തുംപാറയിൽ സർക്കാർഭൂമി കയ്യേറി നിർമ്മിച്ച വൻകിട റിസോർട്ടിന് സ്റ്റോപ്പ് മെമ്മോ നൽകാൻ ജില്ല കലക്ടർ ഉത്തരവിട്ടു. മേഖലയിൽ ഇരുപതിലധികം പേരുടെ കൈവശമുള്ള ഭൂമിയുടെയും പട്ടയത്തിലെയും സർവ്വേ നമ്പർ വ്യത്യാസ്തമാണെന്നും കണ്ടെത്തൽ. ഭൂമി കയ്യേറി വൻകിട റിസോർട്ട് നിർമിച്ചെന്ന മനോരമ ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് കലക്ടറുടെ ഇടപെടൽ
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ വ്യാപക കയ്യേറ്റം നടന്നെന്ന് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. മഞ്ചുമല വില്ലേജിലെ 441 ആം സർവേ നമ്പറിൽപ്പെട്ട സർക്കാർ പുറമ്പോക്കിലാണ് തൃക്കടിത്താനം സ്വദേശി സജിത്ത് ജോസഫ് റിസോർട്ട് നിർമിച്ചത്. റിസോർട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നെന്ന മനോരമ ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് ജില്ലാ കലക്ടർ നടപടി സ്വീകരിക്കാൻ പീരുമേട് തഹസിൽദാർക്ക് നിർദ്ദേശം നൽകിയത്
മേഖലയിൽ പരിശോധന നടത്താൻ ഇടുക്കി സബ് കലക്ടറെ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം ഡിജിറ്റൽ സർവേയടക്കം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനും കളക്ടർ നിർദേശം നൽകി. പരിശോധിച്ച ശേഷം അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കും. പരുന്തുംപാറയിലെ കയ്യേറ്റത്തിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്