idukki

TOPICS COVERED

ഇടുക്കി താലൂക്കിൽ മൂന്നിടത്ത് അനധികൃത പാറഖനനമെന്ന് ജില്ലാ കളക്ടർ നിയോഗിച്ച പ്രത്യേക സംഘത്തിന്‍റെ കണ്ടെത്തൽ. ഉപ്പുതോട്, തങ്കമണി വില്ലേജുകളിൽ നടത്തിയ പരിശോധനയിലാണ് അനധികൃത ഖനനം കണ്ടെത്തിയത്. ഇവർക്ക് പിഴ ചുമത്താനുള്ള നടപടികള്‍ ജില്ല ഭരണകൂടം തുടങ്ങി.

അനധികൃത ഖനനം നടത്തിയതിന് ലക്ഷങ്ങളുടെ പിഴ നടപടി നേരെത്തെ നേരിട്ടവർ തന്നെയാണ് വീണ്ടും നിയമലംഘനം നടത്തുന്നത്. വിമലഗിരി സ്വദേശി ഉണ്ണിക്കൃഷ്ണൻ എന്നയാൾക്ക് 32 ലക്ഷം രൂപ കഴിഞ്ഞ വർഷം പിഴ ചുമത്തിയിരുന്നു. 11965 മെട്രിക് ടൺ പാറ പൊട്ടിച്ച് കടത്തിയതിനായിരുന്നു നടപടി. ഉപ്പുതോട് സ്വദേശി മേരി ജോണിന് 27 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഇവർ പിഴയൊടുക്കാതെ വീണ്ടും അനധികൃത ഖനനം നടത്തുന്നതായി കഴിഞ്ഞ ഒക്ടോബറിൽ കളക്ടർക്ക് ജില്ല ജിയോളജിസ്റ്റ് റിപ്പോർട്ട് നൽകി. എന്നാൽ തുടർനടപടി ഉണ്ടായില്ല. 

ഖനനം നടത്തിയവർക്ക് സിപിഎം ജില്ല സെക്രട്ടറി സി.വി.വർഗീസിൻറെ മരുമകനുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഇതും പ്രത്യേക സംഘത്തിന്‍റെ അന്വേഷണ പരിധിയിലുണ്ട്. ഇടുക്കി താലൂക്കിന് പുറമെ ഉടുമ്പൻചോല താലൂക്കിലെ കുത്തകപ്പാട്ട മേഖലയിലുള്ള ഏലത്തോട്ടങ്ങളിൽ പാറ ഖനനം നടക്കുന്നതായും റവന്യൂ വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കാനാണ് ജില്ലാ കളക്ടറുടെ നിർദേശം.

ENGLISH SUMMARY:

A special team appointed by the Idukki District Collector has uncovered illegal rock mining in Upputhode and Thankamani villages. The district administration has initiated penalty proceedings against repeat offenders.