ഇടപ്പള്ളി–ചാലക്കുടി ദേശീയപാത 544ലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുന്നു. അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട ആലുവ മാർത്താണ്ഡവർമ പഴയ പാലം നാളെ തുറന്നുകൊടുക്കും. പാലത്തിലെ അറ്റകുറ്റപ്പണി പൂർത്തിയായി.
ആലുവയിലെയും സമീപപ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് ആശ്വാസമാകാൻ ഇനി ഒരു ദിവസം കൂടി. ആലുവ മാർത്താണ്ഡവർമ പഴയ പാലം വ്യാഴാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കും. പാലത്തിലെ അഞ്ച് എക്സ്പാൻഷൻ ജോയിന്റുകളിലെയും കമ്പികൾ പുനഃസ്ഥാപിച്ച് കോൺക്രീറ്റ് ജോലികൾ പൂർത്തിയാക്കി. അറ്റകുറ്റപ്പണികൾക്കായി പത്ത് ദിവസം പാലം അടച്ചിടുമെന്നായിരുന്നു നേരത്തെ അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ എട്ട് ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്ന് NHAI ഉറപ്പ് നൽകിയിരുന്നുവെന്ന് ആലുവ എംഎൽഎ അൻവർ സാദത്ത് പറഞ്ഞു.
പാലം അടച്ചിടുന്നതിന് മുൻപും ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്ന മേഖലയാണ് ആലുവ. പാലം അടച്ചതോടെ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി. പാലം തുറക്കുന്നതോടെ താൽക്കാലിക ആശ്വാസമാകുമെങ്കിലും ആലുവയിലെ സ്ഥിരം ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരത്തിനായുള്ള ഇടപെടലുകൾ തുടരുകയാണെന്നും എംഎൽഎ വ്യക്തമാക്കി.