എറണാകുളം – അങ്കമാലി ദേശീയപാതയില്‍ ഇന്നു മുതല്‍ പത്തുദിവസത്തേക്ക് ഗതാഗതനിയന്ത്രണം. നവംബര്‍ ആറുവരെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന മാര്‍ത്താണ്ഡവര്‍മ പാലം അടച്ചിടും. ദേശം പാലത്തിലെ ഗതാഗതം ഒരുവരിയായി നിയന്ത്രിക്കും. ബസുകള്‍ ഉള്‍പ്പെടെ ഈ ദിവസങ്ങളില്‍ വഴിതിരിച്ചുവിടും. നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ അടക്കം ഇതോടെ കുരുക്കിലാവാന് ഇടയുണ്ട്.
∙തൃശൂർ ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കു വരുന്ന ഭാരവാഹനങ്ങൾ ഇരിങ്ങാലക്കുടയിൽ നിന്നു തിരിഞ്ഞു കൊടുങ്ങല്ലൂർ, പറവൂർ, ചേരാനല്ലൂർ സിഗ്നൽ റോഡ് വഴി പോകണം. ടിപ്പർ, കണ്ടെയ്നർ ലോറികൾ മുതൽ ഗ്യാസ് പെട്രോളിയം ടാങ്കർ വരെ ഉള്ളവയ്ക്ക് ഇതു ബാധകമാണ്.
∙തൃശൂർ ഭാഗത്തു നിന്ന് ആലുവയിലേക്കു വരുന്ന ഭാരവാഹനങ്ങൾ അങ്കമാലിയിൽ നിന്നു തിരിഞ്ഞു കാലടി, പെരുമ്പാവൂർ റോഡ് വഴി പോകണം.
∙എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്നു വരുന്ന ഭാരവാഹനങ്ങൾ ഇടപ്പള്ളിയിൽ നിന്നു തിരിഞ്ഞു ചേരാനല്ലൂർ സിഗ്നൽ, പറവൂർ, കൊടുങ്ങല്ലൂർ റോഡ് വഴി പോകണം.
∙കാക്കനാട് ഭാഗത്തു നിന്നു വരുന്ന ഭാരവാഹനങ്ങൾ കളമശേരി കണ്ടെയ്നർ റോഡ് വഴി പറവൂർ, കൊടുങ്ങല്ലൂർ റൂട്ടിൽ പോകണം.
∙ കളമശേരി, അങ്കമാലി ഭാഗങ്ങളിൽ നിന്നു ഭാരവാഹനങ്ങൾ ആലുവ ഭാഗത്തേക്കു കടത്തിവിടില്ല.
∙വരാപ്പുഴ, കടുങ്ങല്ലൂർ ഭാഗങ്ങളിൽ നിന്ന് ആലുവ ഭാഗത്തേക്കു വരുന്ന എല്ലാ വാഹനങ്ങളും കടുങ്ങല്ലൂർ ജംക്ഷനിൽ നിന്നു തിരിഞ്ഞു യുസി കോളജ് റോഡ് വഴി പറവൂർ കവല സിഗ്നലിൽ എത്തി വലത്തേക്കു പോകണം.
∙ആലുവയിൽ നിന്നു വരാപ്പുഴ, കടുങ്ങല്ലൂർ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ തോട്ടയ്ക്കാട്ടുകര ജംക്ഷനിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞു കടുങ്ങല്ലൂർ റോഡ് വഴി പോകണം.
∙പറവൂർ കവല–തോട്ടയ്ക്കാട്ടുകര സർവീസ് റോഡിലൂടെ പറവൂർ കവലയിൽ നിന്നു ഗതാഗതം അനുവദിക്കില്ല.
∙അങ്കമാലി, പറവൂർ ഭാഗത്തു നിന്നു വരുന്ന ബസുകൾ ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങളും പറവൂർ കവലയിൽ നിന്നു മണപ്പുറം ഭാഗത്തേക്കു തിരിയാതെ ഹൈവേയിലൂടെ മാത്രം സഞ്ചരിക്കണം.
∙മാർത്താണ്ഡവർമ പുതിയ പാലത്തിൽ കൂടി ഇരുവശങ്ങളിലേക്കും ഒരു വരിയായി ഗതാഗതം അനുവദിക്കും.
∙കൊച്ചി വിമാനത്താവളത്തിലേക്കു പോകുന്ന യാത്രക്കാർ യാത്ര നേരത്തേ തുടങ്ങണം.