സർക്കാർ റവന്യു ഭൂമി എന്ന് വ്യക്തത വരുത്തി മാസങ്ങൾ പിന്നിട്ടിട്ടും കൊച്ചി ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. റോഡ് പണിക്കായി മുറിച്ച്  നീക്കേണ്ട മരങ്ങളുടെ എണ്ണത്തിലും തീരുമാനമായില്ല. മഴ കനത്തതോടെ പാതയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. 

കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ 2023ലാണ് തുടങ്ങിയത്. എന്നാൽ വനഭൂമിയിൽ നിർമ്മാണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നേര്യമംഗലം മുതൽ വാളറ വരെയുള്ള 14 കിലോമീറ്റർ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ 2025 ജൂലൈയിൽ ഹൈക്കോടതി തടഞ്ഞു. പിന്നീട് മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ നിർമ്മാണം നടന്നത് റവന്യൂ ഭൂമിയിൽ ആണെന്ന് ഹൈക്കോടതിയിൽ സർക്കാർ വ്യക്തത വരുത്തി. 

നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാമെന്നിരിക്കെ സാങ്കേതിക നടപടികൾ പോലും പൂർത്തിയായിട്ടില്ല. വീതി കൂട്ടുമ്പോൾ 1206 മരങ്ങൾ മുറിക്കേണ്ടി വരുമെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമിക കണക്ക്. വനം - റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നെങ്കിലും മരങ്ങളുടെ കണക്കെടുപ്പിൽ ഉൾപ്പെടെ അശാസ്ത്രീയത ഉണ്ടെന്നാണ് പരാതി.

നിർമ്മാണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ഇരുമ്പ് കമ്പികൾ ഉൾപ്പെടെ റോഡരികിൽ ഭീതി ഉയർത്തുകയാണ്. മൂന്നാറിലേക്ക് എത്താൻ സഞ്ചാരികൾ അടക്കം ആശ്രയിക്കുന്ന പാതയിലെ മണ്ണിടിച്ചിൽ ഭീഷണിയും ഒഴിവായിട്ടില്ല.  

ENGLISH SUMMARY:

Kochi Dhanushkodi National Highway construction work between Neriamangalam and Valara remains stalled despite revenue land clearance, raising serious landslide concerns for travelers. Heavy rains and unresolved technical delays continue to plague the crucial phase two expansion project of the highway leading to Munnar.