ദേശീയപാതയിലും സർവീസ് റോഡുകളിലുമുള്ള അനധികൃത പാർക്കിങ്ങിൽ കാർ ഷോറുമുകൾക്ക് നോട്ടീസ് നൽകി പോലീസ്. കൊച്ചിയിലെ 33 കാർ ഷോറുമുകൾക്കാണ് മരട് പോലിസ് നോട്ടീസ് നൽകിയത്. അനധികൃത പാർക്കിങ്ങിനെതിരായ മനോരമ ന്യൂസ് വാർത്തക്ക് പിന്നാലെയാണ് നടപടി.
പോലിസ് പരിശോധന വകവെക്കാതെ കൊച്ചിയിൽ ദേശീയപാതയിലും സർവീസ് റോഡുകളിലുമുള്ള അനധികൃത പാർക്കിങ് വർധിക്കുകയാണ്. കാർ ഷോറുമുകളിലേക്ക് വാഹന ഡെലിവറിക്കായി എത്തുന്ന വലിയ കണ്ടെയ്നർ ലോറികളാണ് മുന്നിൽ. ഗതാഗതകുരുക്കും അപകടങ്ങളും പതിവ് കാഴ്ചയായതോടെ ഇനിയും നോക്കി നിൽക്കാൻ കഴിയില്ലെന്ന് പൊതുജനം.
ഒടുവിൽ, പരിശോധന ശക്തമാക്കിയിട്ടും തുടരുന്ന അനധികൃത പാർക്കിങ്ങിനെതിരെ നടപടി കർശനമാക്കാനാണ് പോലിസ് തീരുമാനം. മരട്നഗരസഭ പരിധിയിലുള്ള 33 കാർ ഷോറുമുകൾക്ക് നോട്ടീസ് നൽകി. നോട്ടീസ് ലഭിച്ച കാർ ഷോറുമുകളുടെ പ്രതിനിധികൾ ഒക്ടോബർ ഏഴിന് മരട് നഗരസഭയിൽ പൊലീസുമായുള്ള ചർച്ചയിൽ പങ്കെടുക്കണം. ഒപ്പം ഷോറുമുകളിലേക്ക് എത്തുന്ന വാഹനങ്ങളുടെ പാർക്കിങ്ങുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കണം. റോഡിലെ അനധികൃത പാർക്കിങ് ഒഴിവാക്കാനും ഗതാഗത തടസ്സത്തിന് പരിഹാരം കാണാനുമുള്ള തുടർ നടപടികളാണ് ഇനി നിർണായകം.