രാജ്യാന്തരവും തദ്ദേശീയവുമായ കലാവഴികളെ സമന്വയിപ്പിച്ച് കൊച്ചിയുടെ സ്വത്വം അടയാളപ്പെടുത്താനാണ് കൊച്ചി - മുസിരിസ് ബിനാലെയുടെ ഇത്തവണത്തെ പതിപ്പിൽ ശ്രമിക്കുകയെന്ന് ക്യുറേറ്റർ കദെർ അത്തിയ. ക്യുറേറ്റർ ആയത് വലിയ അംഗീകാരമാണെന്ന് അത്തിയ മനോരമ ന്യൂസിനോട് പറഞ്ഞു.
മുൻപൊരു ബിനാലെ കാണാൻ കൊച്ചിയിലെത്തിയ കദെർ അത്തിയ ഏഴാമത് പതിപ്പിൽ ക്യുറേറ്ററുടെ ദൗത്യത്തിലാണ്. 1970 ൽ ഫ്രാൻസിലെ ഡുഗ്നിയിൽ ജനിച്ച അത്തിയ നിലവിൽ ഹാംബർഗ് എച്ച്.എഫ്.ബി.കെയിൽ ടൈം-ബേസ്ഡ് മീഡിയ പ്രഫസറാണ്. കലാപ്രതിഷ്ഠ, ശിൽപം, ചലച്ചിത്രം, ഫോട്ടോഗ്രഫി, ആർക്കൈവൽ ഗവേഷണം എന്നിവ സമന്വയിപ്പിച്ചാണ് അത്തിയയുടെ പ്രവർത്തനം.
ലോകമെമ്പാടുമുള്ള പ്രമുഖ ആർട്ട് ഗ്യാലറികളിൽ പ്രദർശനങ്ങൾ നടത്തിയിട്ടുള്ള അത്തിയ 2022 ലെ 12–ാമത് ബെർലിൻ ബിനാലെയുടെ ക്യുറേറ്ററായിരുന്നു. ഭൂതകാലത്തെയും ഭാവിയെയും ചേർത്തുവച്ച് വർത്തമാനകാല യഥാർഥ്യത്തെ അവതരിപ്പിക്കാനാണ് ബിനാലെയിൽ ശ്രമിക്കുകയെന്ന് അത്തിയ പറഞ്ഞു. കൊച്ചിയുടെ സ്വത്വം അടയാളപ്പെടുത്തും.
ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ വി. വേണു, ബിനാലെ പ്രസിഡന്‍റ് ജിതീഷ് കല്ലാട്ട്, കെ.ബി.എഫ് ട്രസ്റ്റി അദീബ് അഹമ്മദ്, സിഇഒ തോമസ് വർഗീസ് എന്നിവർ പങ്കെടുത്തു.