എറണാകുളം പാറക്കടവ് പഞ്ചായത്തിലെ പുളിയനത്ത് പ്രവർത്തിക്കുന്ന ഐക്കോൺ ഐഡിയക്കെതിരെ നാട്ടുകാരുടെ പരാതി. പൊടിയും പുകയും രൂക്ഷമായതോടെ ശ്വാസതടസം, കണ്ണെരിച്ചിൽ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ കാരണം ദുരിതത്തിലാണെന്ന് പ്രദേശവാസികൾ.

പരിസ്ഥിതി സൗഹൃദമായി കുളവാഴയും അറക്കപ്പൊടിയും ഉപയോഗിച്ച് ബ്രിക്കറ്റ്സ് നിർമിക്കുന്ന സ്ഥാപനമെന്ന നിലയിലാണ് ഐക്കോൺ ഐഡിയ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള രാസവസ്തുക്കൾ സ്ഥാപനത്തിൽ സംസ്കരിക്കുന്നതായാണ് നാട്ടുകാരുടെ സംശയം. ഇതാണ് രൂക്ഷമായ പുകയ്ക്കും ദുർഗന്ധത്തിനും കാരണമെന്നാണ് പരാതി.

നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊല്യൂഷൻ കണ്ട്രോൾ ബോർഡ് നടത്തിയ പരിശോധനയിൽ പുകയും പൊടിശല്യവും കണ്ടെത്തി. കൺസെന്റിൽ പറഞ്ഞിട്ടുള്ളവയ്ക്ക് പകരം മറ്റ് അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുന്നത് ഉൾപ്പെടെ നിരവധി അപാകതകളും പരിശോധനയിൽ കണ്ടെത്തി. സ്റ്റോപ്പ് മെമ്മോ നൽകാതെ ഷോക്കോസ് നോട്ടീസ് മാത്രം നൽകി സ്ഥാപനം പ്രവർത്തിക്കാൻ ബോർഡ് അനുവദിച്ചെന്നാണ് നാട്ടുകാരുടെ ആരോപണം.

2025-ലാണ് പുളിയനത്ത് ഐക്കോൺ ഐഡിയ പ്രവർത്തനം ആരംഭിച്ചത്. പ്ലാന്‍ അറ്റ് എര്‍ത്ത് എന്ന എന്‍ജിഒയുടെ കീഴിലാണ് സ്ഥാപനമെന്നാണ് നാട്ടുകാരുടെ ആരോപണം. ഐക്കോൺ ഐഡിയക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയതും പ്ലാന്‍ അറ്റ് എര്‍ത്ത്  അധികൃതരാണ്. എന്നാൽ പ്ലാന്‍ അറ്റ് എര്‍ത്തിന്‍റെ  വെബ്സൈറ്റുകളിലോ ലഭ്യമായ രേഖകളിലോ ഐക്കോൺ ഐഡിയയെക്കുറിച്ച് പരാമർശമില്ല. ഇതിലും ദുരൂഹത ഉയർത്തുകയാണ് നാട്ടുകാർ.

ENGLISH SUMMARY:

Icon Idea's operations in Puliyanath, Ernakulam are causing severe pollution, leading to health problems for residents due to smoke and dust. Locals suspect the use of plastic and chemical waste in their brickette production, contrary to their claims of using eco-friendly materials like water hyacinth and sawdust.