മലയാളികളുടെ നാവിൽ ചൈനീസ് രുചി അലിയിച്ച കൊച്ചി നാരകത്ത് റോഡിലെ ചാരിയറ്റ് ഹോട്ടൽ വിസ്മൃതിയിലേക്ക്. ചില്ലി ചിക്കന്‍ നമുക്ക് പരിചയപ്പെടുത്തിയ സി.ജെ. ചാർലി അര നൂറ്റാണ്ടു മുമ്പ് തുടങ്ങിയ ഹോട്ടലാണ് ചാരിയറ്റ്. തന്റെ റെസിപ്പി ഏവരും ഏറ്റെടുത്ത ചാരിതാർഥ്യത്തോടെയാണ് 86 കാരനായ ചാർലി വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.

കൃത്യം 50 വർഷം മുമ്പ്, 1976 ലാണ് ചാരിയറ്റ് ഹോട്ടൽ തുടങ്ങുന്നത്. ബ്രിട്ടീഷുകാരുടെ ഷെഫായിരുന്നു ചാർലി. പട്ട് വ്യാപാരത്തിന് കൊച്ചിയിലെത്തിയ ചൈനക്കാരുമായി ചങ്ങാത്തത്തിലായി. അതിലൊരാളായ ഹങ് ജു ലീ 1960കളിൽ ബാനർജി റോഡിൽ ചൈനീസ് റസ്റ്റൊറന്‍റ് നടത്തിയിരുന്നു. അവിടെ ജോലിക്കു കയറിയ ചാർലി ഹങ് ജു ലീയുടെ ശിഷ്യനായി ചൈനീസ് പാചകം പഠിച്ചു.

ചൈനീസ് വിഭവങ്ങൾക്ക് നാട്ടുകാരിൽ താൽപര്യമുണർത്താനാവുന്നില്ലെന്നു കണ്ട് ചാർലി രുചി പരീക്ഷണം തുടങ്ങി. അങ്ങനെയാണ് ചില്ലി ചിക്കന്‍റെ പിറവി. ചൈനക്കാരനെ വിട്ട് ചാർലി ചാരിയറ്റ് ഹോട്ടൽ തുടങ്ങി. ചില്ലി ചിക്കൻ ഉണ്ടാക്കാൻ നാട്ടുകാരെ പഠിപ്പിച്ചു. ചൈനീസ് വിഭവങ്ങളുടെ മണവും രുചിയും, ചൈനീസ് അലങ്കാരങ്ങൾ മനോഹരമാക്കിയ അകത്തളങ്ങൾ. ചാരിയറ്റിന്‍റെ പ്രശസ്തി വ്യാപിച്ചു. 

ഹോട്ടൽ ഇരിക്കുന്ന കെട്ടിടം പൊളിക്കാൻ ഉടമകൾ തീരുമാനിച്ചപ്പോഴാണ് ഇനിയില്ല എന്ന് ചാർളിയും ആലോചിച്ചുറപ്പിച്ചത്. അതിനു മുമ്പ് ഒരിക്കൽ കൂടി അദ്ദേഹം ആ പ്രശസ്തമായ വിഭവം ഉണ്ടാക്കി. പിന്നെ വിസ്മൃതിയിലേക്ക് നീങ്ങുന്ന രുചികൾക്കും ഗന്ധങ്ങൾക്കും ഇടയിലൂടെ പതിയെ പുറത്തേക്ക് നടന്നു.

ENGLISH SUMMARY:

Chariot Hotel in Kochi, which introduced Chilly Chicken to Malayalis, is fading into obscurity. This 50-year-old establishment, founded by CJ Charlie, a former British chef who learned Chinese cuisine from a Chinese acquaintance, is closing as its building is slated for demolition.