thrippunithura-college

തൃപ്പൂണിത്തുറ ഗവണ്‍മെന്‍റ് കോളജിനായി പണിപൂര്‍ത്തിയാക്കിയ ബഹുനില കെട്ടിടം തുറന്നു പ്രവര്‍ത്തിപ്പിക്കാനാകാതെ അടഞ്ഞുകിടക്കുന്നു. വഴി സൗകര്യമില്ലാത്തതുകൊണ്ട് വൈദ്യുതിയും വെള്ളവും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍  എത്തിക്കാനാകാത്തതാണ് പ്രതിസന്ധി. 14 കോടി മുടക്കി നിര്‍മിച്ച കെട്ടിടമാണ് പ്രയോജനമില്ലാതെ കാടുപിടിച്ചു കിടക്കുന്നത്.

2020 ല്‍ കിഫ്ബി ഫണ്ടുവഴിയാണ് തൃപ്പുണിത്തുറ ഗവണ്‍മെന്‍റ്  കോളജിന്‍റെ പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണം ആരംഭിച്ചത്. 2023 ഒക്ടോബറില്‍ പണിപൂര്‍ത്തിയാക്കി. ചുറ്റുമതില്‍ പണിത് കോളജിന്‍റെ പേരെഴുതിയ കമാനവും നിര്‍മിച്ചു. പക്ഷേ കോളജിലേക്ക് എത്താന്‍ വഴിയില്ല, ചുറ്റുമുള്ള ഭൂമി സ്വകാര്യ വ്യക്തികളുടേതാണ്. നിര്‍മാണ സാധനങ്ങള്‍ എത്തിക്കാന്‍ സ്വകാര്യ വ്യക്തികളുടെ വസ്തുവിലെ വഴി ഉപയോഗിച്ചിരുന്നു. കോളജിന് സ്വന്തം വഴിക്കായി ഭൂമി ഏറ്റെടുക്കുന്നതിലും തരംമാറ്റുന്നതിലും നേരിടുന്ന തടസങ്ങളാണ് നിര്‍മാണ ശേഷം പ്രതിസന്ധിയായത് .  

യുഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിലും കോളജിന് തുക അനുവദിച്ചിട്ടുണ്ട്. റവന്യു – കൃഷി വകുപ്പുകളുടെ  യോഗം ചേര്‍ന്ന് കോളജിലേക്കുള്ള വഴി പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ദീപക് ജോയി എം.എല്‍.എ പറഞ്ഞു. 

അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന തൃപ്പൂണിത്തുറ കോളജിന്‍റെ പഴയ കെട്ടിടം പരിമിതമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടം ആര്‍ക്കും പ്രയോജനമില്ലാതെ കാടുപിടിച്ച് തെരുവ് നായ്ക്കളുടെ ആവാസസ്ഥലമായി മാറി. കോടികള്‍ മുടക്കി പണിത കെട്ടിടത്തിനുള്ളിലെ പല സമഗ്രികളും മോഷണം പോയിട്ടുണ്ട്. വഴി വെട്ടി വരുമ്പോള്‍ കെട്ടിടം വീണ്ടും നവീകരിക്കേണ്ട സഹചര്യമാണുള്ളത്. 

ENGLISH SUMMARY:

Thrippunithura Government College's new building remains unused due to a lack of access, despite being completed with KIIFB funding. This situation highlights significant challenges in land acquisition and infrastructure development for educational institutions.