സ്കൂളിലെ കെട്ടിട നിർമാണത്തിന്‍റെ ഭാഗമായി കൂട്ടിയിട്ട മണ്ണ് കുട്ടികൾക്ക് ഭീഷണിയാകുന്നു. കോട്ടയം വെച്ചൂർ ദേവിവിലാസം സ്കൂളിലാണ് ക്ലാസ് മുറികളോട് ചേർന്ന് മൺകൂനയുള്ളത്. പലവട്ടം ആവശ്യപ്പെട്ടിട്ടും കരാറുകാരൻ മണ്ണ് മാറ്റിയിട്ടില്ലന്നാണ് പരാതി.
എൽ.പി, യുപി, പ്രൈമറി വിഭാഗത്തിലെ കുഞ്ഞുകുട്ടികൾ പഠിക്കുന്ന രണ്ട് കെട്ടിടങ്ങളിലെ ക്ലാസുമുറികളോട് ചേർന്നാണ് കെട്ടിട നിർമാണ കരാറുകാരൻ ഉയരത്തിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. മഴ പെയ്യുമ്പോൾ മണ്ണ് ഇടിഞ്ഞു വീഴുമോ എന്ന ഭീതിയിലാണ് അധ്യാപകർ. മഴയിൽ വരാന്തയിലേക്ക് കുത്തിയൊലിക്കുന്ന മണ്ണും ചെളിയും കല്ലും നീക്കം ചെയ്ത് അധ്യാപകർ മടുത്തു.
അധ്യാപകരും ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടും കരാറുകാരൻ മണ്ണ് മാറ്റുന്നില്ലെന്ന് പി.ടി.എ.അംഗം റെജു പറയുന്നു. അനാസ്ഥ ചോദ്യം ചെയ്ത മുൻ ഹെഡ്മാസ്റ്ററെ കരാറുകാരൻ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ഹയർസെക്കൻഡറി ബ്ലോക്കിനായി മൂന്നുകോടി 90 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടനിർമാണം. നിലവിൽ നിർമാണം നടക്കുന്നതുമില്ല. അപകടം ഉണ്ടാകുന്നതിനു മുൻപ് മണ്ണ് മാറ്റണമെന്നാണ് അധ്യാപകരും നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.