കടലില്‍ ഒറ്റപ്പെട്ട്. കഴിക്കാന്‍ ഒന്നുമില്ലാതെ വിശന്നുവലഞ്ഞ്. മരക്കുറ്റിക്ക് മുകളില്‍ നാലു ദിവസമായുള്ള കാത്തിരിപ്പ്. ഫോര്‍ട്ട്കൊച്ചിയിലെ കടപ്പുറത്തെ വേദനപ്പിക്കുന്ന കാഴ്ച്ചയായി ഒരു ജീവിതം.
സംസാരിക്കാന്‍ അറിയില്ല. സഹായം ചോദിക്കാന്‍ കഴിയില്ല. നാല് ദിവസമായി അവന്‍ ഇവിടെയുണ്ട്. കടലില്‍ എവിടെയോ നിന്ന് ഒഴുകിയെത്തിയതാണ്. പ്രാണരക്ഷാര്‍ഥം ഒരു മരക്കുറ്റിയില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്നു. നാല് ദിവസമായി ഇവിടെയുണ്ട്. ഫോര്‍ട്ട്കൊച്ചി കടപ്പുറത്തെ നിസ്സഹായതയുടെ കാഴ്ച്ചയായി ഉടുമ്പ്. ബാസ്റ്റിന്‍ ബംഗ്ലാവിന് പിറകുവശത്തെ പണിതീരാത്ത ചീനവലയുടെ പിറകിലാണ് കുടുങ്ങിക്കിടക്കുന്നത്. ഇറങ്ങിയാല്‍ വീണ്ടും കടലില്‍ വീഴുമോ എന്ന ഭയത്തിലാണ് കഴിയുന്നത്.
ഭക്ഷണമൊന്നും കിട്ടാത്തതിനാല്‍ ഏറെ അവശനാണ്. പലരും കണ്ടുപോകുന്നതല്ലാതെ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുന്നില്ല. അപകടസാധ്യത തന്നെ വെല്ലുവിളി. അധികൃതര്‍ രക്ഷാപ്രവര്‍ത്തനത്തിന് നടപടിയെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.