ഒരു കുഞ്ഞിന്റെ ചികിത്സയ്ക്ക് കരുതലേകാൻ ഡിവൈഎഫ്ഐയുടെ സ്ക്രാപ്പ് ചലഞ്ച് പൂർത്തിയായി. ചലഞ്ചിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലുമുള്ള പഴയ പത്രങ്ങൾ, കാർഡ്ബോർഡ്, പ്ലാസ്റ്റിക് കുപ്പികൾ, പഴയ പുസ്തകങ്ങൾ, ഉപയോഗശൂന്യമായ ഗൃഹോപകരണങ്ങൾ തുടങ്ങി വിവിധ സ്ക്രാപ്പുകൾ ഡിവൈഎഫ്ഐ പ്രവർത്തകർ ശേഖരിച്ചു തുടങ്ങി. സ്ക്രാപ്പ് വിറ്റ് ലഭിക്കുന്ന മുഴുവൻ തുകയും ചികിത്സാ സഹായമായി കൈമാറുമെന്ന് കൊച്ചി എടയ്ക്കാട്ടുവയൽ ഡിവൈഎഫ്ഐ പ്രവർത്തകർ അറിയിച്ചു.
ആറ് മാസമായി കീമോ ചികിത്സയിലാണ് ആദിക മോൾ. കഴിഞ്ഞ വർഷമാണ് കുഞ്ഞിന് കാൻസർ സ്ഥിരീകരിച്ചത്. മജ്ജ മാറ്റിവെക്കൽ ചികിത്സയാണ് ഇനി ചെയ്യാനുള്ളത്. ഇതിനായി 60 ലക്ഷം രൂപയാണ് കണ്ടെത്തേണ്ടത്. ഇതിനായി എടയ്ക്കാട്ടുവയൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ ക്യാമ്പയിൻ സംഘടിപ്പിച്ചത്. കൂടുതൽ പേർ സ്ക്രാപ്പുകൾ കൈമാറി ജീവൻ രക്ഷാ ദൗത്യത്തിന്റെ ഭാഗമാകണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.