TAGS

കൂത്താട്ടുകുളം മണ്ണത്തൂരിലെ പാറമടയില്‍ നാട്ടുകാര്‍ക്ക് ആശങ്കയുയര്‍ത്തി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഇടിയാതിരിക്കാന്‍ താല്‍ക്കാലിക നടപടി. നാട്ടുകാരുടെ ആശങ്ക മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ക്വാറി ഉടമകളുടെ ഇടപെടല്‍. പാറമടയില്‍ അധികമായി ലഭ്യമാകുന്ന മണ്ണ് നിലവില്‍ പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ അനുമതി ലഭിച്ചിട്ടില്ലെന്ന് ക്വാറി ഉടമകള്‍ പറയുന്നു.   

 

കൂത്താട്ടുകുളം മണ്ണത്തൂര്‍ ആടുകുഴിയിലെ പാറമടയില്‍ വലിയ അളവില്‍ മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടിരിക്കുന്നത് നാട്ടുകാര്‍ക്ക് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. മഴ ശക്തമാകുന്നതോടെ മണ്ണിടിച്ചിലുണ്ടാകും. ജനവാസ പ്രദേശങ്ങളുണ്ട്. താഴ്‌വാരത്ത് ഏക്കര്‍ കണക്കിന് കൃഷിയും. പാറമടയ്ക്ക് സമീപം ചെക്ക് ഡാമും കനാല്‍ നീര്‍പ്പാലവുമുണ്ട്. മണ്ണത്തൂര്‍ അപായമുനയിലാണെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ താല്‍ക്കാലിക സുരക്ഷ നടപടികള്‍ ക്വാറി ഉടമകള്‍ സ്വീകരിച്ചു. 

 

ജിയോ ടെക്സറ്റൈല്‍ ഉപയോഗിച്ച് സംരക്ഷണമൊരുക്കുകയാണ്. ക്വാറിയുടെ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി അധികമായി ലഭ്യമാകുന്ന മണ്ണ് നിലവില്‍ പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ അനുമതി ലഭിച്ചിട്ടില്ലെന്ന് ക്വാറി ഉടമകള്‍ വിശദീകരിക്കുന്നു. ക്വാറി പരിസരത്ത് തന്നെ സ്റ്റോക് ചെയ്യേണ്ട സാഹചര്യമാണ്. നിയമങ്ങളും പരിസ്ഥിതി മാനദണ്ഡങ്ങളും പാലിച്ചാണ് ക്വാറിയുടെ പ്രവര്‍ത്തനമെന്നും ഉടമകള്‍ പറയുന്നു. 

 

ചട്ടം പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെ കലക്ടര്‍ക്കും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പാറമടയും ജലസംഭരണികള്‍ ഉള്‍പ്പെടെ നിര്‍മിതികളും തമ്മിലെ ദൂരപരിധി കുറച്ച സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്നാണ് ആവശ്യം. ദൂരപരിധി 50 മീറ്റര്‍ ആക്കി കുറച്ചത് റദ്ദാക്കി ഒരു കിലോ മീറ്ററായി ദൂരം നിജപ്പെടുത്തണമെന്നാണ് നിര്‍ദേശം. 

ENGLISH SUMMARY:

Koothattukulam Quarry Landslide Threat: Temporary Safety Measures Implemented