2001 ജൂലൈ ഒൻപതിനാണ് മഴയെ സ്നേഹിച്ച വിക്ടര്‍ മണ്ണിനോടു ചേര്‍ന്നത്. ഇടുക്കി ഉടുമ്പന്നൂർ പഞ്ചായത്തിലെ വെണ്ണിയാനി മലയിലുണ്ടായ പ്രകൃതിക്ഷോഭത്തിന്റെ ചിത്രമായിരുന്നു മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫര്‍ വിക്ടര്‍ ജോര്‍ജ് അവസാനമായി പകർത്തിയത്.
കനത്ത മഴയിൽ പുലർച്ചെ രണ്ടിനുണ്ടായ ആദ്യ ഉരുൾപൊട്ടലിൽ ഇടപ്പറമ്പിൽ ഭാസ്‌കരന്റെ വീട് ഒലിച്ചുപോയി. ഉരുളിൽ ഭാസ്‌കരനും ഭാര്യ കുമാരി, മകൻ അനിൽ എന്നിവരാണു മരിച്ചത്. ആദ്യ ഉരുൾപൊട്ടലിൽ ഭാസ്കരനെയും കുമാരിയെയും കാണാതായെങ്കിലും അനിലിന്റെ കാൽ ഒഴുകിയെത്തിയ തടിക്കിടയിൽപ്പെട്ടു കിടക്കുകയായിരുന്നു. അനിലിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വീണ്ടും ഉരുൾപൊട്ടിയാണ് അനിലും ദുരന്തത്തിൽപ്പെട്ടത്.
ഉച്ചയ്ക്കു 12 മണിയോടെ ഈ സ്‌ഥലത്തെത്തിയ വിക്‌ടർ ജോർജ് ദുരന്തത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. ജനപ്രതിനിധികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ തലനാരിഴയ്ക്കാണ് അന്നു രക്ഷപ്പെട്ടത്. നാട്ടുകാരുടെ സഹായത്തോടെ മണ്ണു നീക്കി നടത്തിയ തിരച്ചിലിൽ വിക്ടറുടെ ശരീരം കണ്ടെത്തി.
സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ ചരിത്രശേഖരമായിരുന്ന വാഷിങ്ടനിലെ 'ന്യൂസിയ'ത്തിലെ ജേണലിസ്റ്റ് മെമ്മോറിയൽ വോളിൽ വിക്ടർ ജോർജിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലിക്കിടെ മരണം കവർന്ന മാധ്യമപ്രവർത്തകർക്ക് ആദരമർപ്പിച്ചുള്ളതാണ് മെമ്മോറിയൽ വോൾ. മഴയുടെ വിവിധ ഭാവങ്ങൾ പകർത്തുന്നതിൽ പ്രത്യേക താൽപര്യവും വൈഭവുമുണ്ടായിരുന്ന വിക്ടറിന്റെ മഴച്ചിത്രങ്ങളുടെ പുസ്തകം 'ഇറ്റ്സ് റെയ്നിങ്' അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിച്ചു.