kochi-bulding

കൊച്ചിയില്‍ അപകടഭീഷണിയായി ചെരിഞ്ഞ കെട്ടിടം. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ഉയര്‍ത്തുന്നതിനിടെ തകര്‍ന്ന കെട്ടിടത്തില്‍ തുടര്‍നടപടികള്‍ പാടില്ലെന്ന് ഉടമയ്ക്ക് കോര്‍പറേഷന്‍ നിര്‍ദേശം നല്‍കി.  സമീപത്തെ മൂന്നുനിലക്കെട്ടിടത്തിലേക്ക് ചരിഞ്ഞനിലയിലാണ് കെട്ടിടം.  

ഇന്നലെ വൈകിട്ടാണ് കൊച്ചി എം.ജി റോഡില്‍ ജാക്കി ഉപയോഗിച്ച് ഉയര്‍ത്തുന്നതിനിടെ ഇരുനിലക്കെട്ടിടത്തിന്‍റെ താഴത്തെ നിലയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതും കെട്ടിടം ചരിഞ്ഞതും. ജാക്കി തെന്നിമാറിയാണ് അപകടം. ചെന്നൈയില്‍നിന്നുള്ള കരാര്‍ കമ്പനിയാണ് ജോലികള്‍ ഏറ്റെടുത്തിരുന്നത്. 

കോര്‍പറേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും പൊലീസും അഗ്നിരക്ഷാസേനയും സ്ഥലം സന്ദര്‍ശിച്ചു. കെട്ടിടം ഉയര്‍ത്തുന്നതടക്കം എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ വിദേശത്തുള്ള ഉടമയ്ക്ക് നിര്‍ദേശം നല്‍കി. കെട്ടിടം ചരിഞ്ഞുനില്‍ക്കുന്ന മൂന്നുനില കെട്ടിടത്തില്‍ ബാങ്ക് ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കെട്ടിടത്തിലുള്ളവര്‍ ഒഴിയണമെന്ന് അഗ്നിരക്ഷാസേന  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ENGLISH SUMMARY:

Kochi building collapse is a major concern after a two-story building tilted dangerously on MG Road. The corporation has instructed the owner to halt all further actions as the structure is leaning precariously towards a three-story building housing several establishments.