TAGS

മലയാള സാഹിത്യത്തിലെ ഉജ്ജ്വല നക്ഷത്രമായിരുന്ന പി.കേശവദേവിന്‍റെ പറവൂർ കെടാമംഗലത്തെ ജന്മഗൃഹം അവഗണയിൽ നിലം പൊത്തിയതിൽ പ്രതിഷേധിച്ച് സാംസ്കാരിക പ്രവർത്തകർ വിലാപയാത്ര നടത്തി. കേശവദേവിന്‍റെ വീട് സംരക്ഷിക്കണമെന്ന നിരന്തര ആവശ്യം അധികൃതർ അവഗണിക്കുകയായിരുന്നു. വീട് കാലപ്പഴക്കം മൂലം ഇപ്പോൾ നശിക്കുകയും ചെയ്തു. ദേവിന് ഉചിതമായ സ്മാരകമെങ്കിലും നിർമിക്കണമെന്നാണ് ആവശ്യം.

പി കേശവദേവ് ഓർമയായിട്ട് ജൂലൈ 1 ന്  43 വർഷം തികഞ്ഞു. ജന്മനാട്ടിൽ അദ്ദേഹത്തിന് സ്മാരകമൊരുക്കാൻ അധികൃതർക്കായിട്ടില്ല. കെടാമംഗലത്തെ ജന്മഗൃഹം അഞ്ചര വർഷം മുൻപ് മുസിരിസ് പൈതൃക പദ്ധതിയിൽ ഏറ്റെടുത്തിട്ടും സംരക്ഷണമില്ലാതെ നശിച്ചു. വീടിന്‍റെ മേൽക്കൂരയടക്കം ഭൂരിഭാഗവും നിലംപൊത്തി. ഒരു ഭിത്തി മാത്രമാണ് ബാക്കിയുള്ളത്. പറമ്പിലേക്കു ചെല്ലാൻ തന്നെ ഭയം തോന്നും വിധം പരിസരമാകെ കാടു പിടിച്ചു കിടക്കുകയാണ്. ഇഴ ജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറി. സ്മാരക നിർമാണം ഉടൻ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കേശവദേവിന്‍റെ ഓർമ ദിനത്തിൽ കെടാമംഗലം പപ്പുക്കുട്ടി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ സാംസ്കാരിക വിലാപയാത്രയും പ്രതിഷേധ സംഗമവും നടന്നു.

സംസ്ഥാന സർക്കാരിന്‍റെ പുതിയ ബജറ്റിൽ മുസിരിസ് പദ്ധതിക്കായി 19 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആ തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് ജന്മഗൃഹം പുനർനിർമിക്കണമെന്നാണ് ആവശ്യം.

ENGLISH SUMMARY:

P. Kesava Dev's ancestral home in Kadamangalam, Kerala, has tragically collapsed due to neglect, sparking protests from cultural activists. This demolition highlights the authorities' failure to preserve literary heritage, despite repeated calls for the protection and restoration of the renowned Malayalam writer's birthplace