വിവാദങ്ങൾക്കൊടുവിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥ പുറത്തിറങ്ങുന്നു. 'ഇതാണ് എന്റെ ജീവിതം' എന്ന പേരിലാണ് ആത്മകഥ പുറത്തിറക്കുന്നത്. നവംബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ വച്ച് പുസ്തകം പ്രകാശനം ചെയ്യും. എഴുത്തുകാരൻ ടി. പത്മനാഭന് നൽകിയാണ് പ്രകാശനം ചെയ്യുക. മാതൃഭൂമി ബുക്സ് ആണ് ആത്മകഥാ പ്രസാധകർ.
'കട്ടൻ ചായയും പരിപ്പുവടയും' എന്ന പേരിൽ നേരത്തെ പുറത്തുവന്ന ആത്മകഥ തന്റെതല്ല എന്നായിരുന്നു ഇ പി ജയരാജൻ വിശദീകരിച്ചിരുന്നത്. തന്റെ അനുമതിയില്ലാതെ ഡിസി ബുക്സ് താൻ പറയാത്ത കാര്യങ്ങൾ ആത്മകഥയായി പ്രസിദ്ധീകരിച്ചു എന്നായിരുന്നു ഇ പി ജയരാജൻ പറഞ്ഞിരുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ പുറത്തുവന്ന ആത്മകഥാ ശകലങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന പി സരിനെതിരെ ഉൾപ്പെടെ പരാമർശങ്ങൾ ഉണ്ടായിരുന്നു. ഇ പി ജയരാജന്റെ പരാതിയിൽ ഡിസി ബുക്സിനെതിരെ കേസും എടുത്തിരുന്നു.