പറവൂരില്‍ പുസ്തകങ്ങള്‍ക്കായി വീട് ഒരുങ്ങുന്നു. സാംസ്ക്കാരിക പ്രവര്‍ത്തകനായ എം.ആര്‍ സുരേന്ദ്രനാണ് സ്വന്തം വീട് പുസ്തക പ്രേമികള്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കുമായി വിട്ടു നല്‍കിയത്. വായനസ്നേഹികള്‍ക്ക് ഈ വീട്ടിലെത്തിയാല്‍ സൗജന്യമായി എത്ര സമയം വേണമെങ്കിലും പുസ്തകങ്ങള്‍ക്കൊപ്പം ചെലവഴിക്കാം.
ഈ വീടിന് ഇതിനോളം യോജിച്ച മറ്റൊരു പേരില്ല. കുറുമശ്ശേരിക്ക് അടുത്ത് തുറക്കടവ് റോഡിലെ ഈ വീട്ടിലെ താമസക്കാര്‍ പുസ്തകങ്ങളാണ്. ആറായിരത്തലിധികം പേര്‍ ഇവിടെ താമസിക്കാനുള്ള തയ്യാറെടുപ്പിലാണ്. എറണാകുളം ജില്ല ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറിയും സാംസ്ക്കാരിക പ്രവര്‍ത്തകനുമായ എം.ആര്‍ സുരേന്ദ്രന്‍ തന്‍റെ വീട് പുസ്തകങ്ങള്‍ക്കായി വിട്ടുകൊടുത്തിരിക്കുകയാണ്.പുതിയ വീട് നിര്‍മിച്ചപ്പോള്‍ പഴയ വീടാണ് പുസ്തകപ്പുരയാക്കി മാറ്റിയത്.
വിദ്യാര്‍ഥികള്‍ക്കും വായനപ്രേമികള്‍ക്കും ബഹളങ്ങളൊന്നുമില്ലാതെ ഇവിടെ ചെലവഴിക്കാം. സ്വീകരിക്കാന്‍ ടാഗോറും ടോള്‍സ്റ്റോയിയും ബഷീറും എംടിയുമൊക്കെയുണ്ട്. വിശ്വവിഖ്യാതരചനകളും ക്ലാസിക്കുകളും പുരാണേതിഹാസങ്ങളും എല്ലാം ഇവിടെ വായനലഹരിയൊരുക്കും.
പാറക്കടവ് എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് പുസ്ത വീട് ഒരുക്കുന്നത്. പുസ്തകങ്ങളുടെ ഡിജിറ്റലൈസേഷനും നടക്കുന്നു. പുസ്തക ചര്‍ച്ചകള്‍ക്കും സാംസ്ക്കാരിക സംവാദങ്ങള്‍ക്കും പുസ്തക വീട് വൈകാതെ വേദിയാകും.