പിറവം മൂവാറ്റുപുഴയാറ്റിൽ മുളക്കുളം പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ അമ്മയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മൂവാറ്റുപുഴ സ്വദേശിനിയും കാഴ്ച പരിമിതിയുള്ളയാളുമായ ബിജി, ഇവരുടെ ഒരു വയസ്സുള്ള മകളുമാണ് മരിച്ചതെന്ന് വ്യക്തമായി. എന്നാൽ, ബിജിയുടെ ഭർത്താവിനെയും ആറ് വയസ്സുകാരിയായ മൂത്ത മകളെയും കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിക്കാത്തത് സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് മുളക്കുളം പാലത്തിന് സമീപം മൂവാറ്റുപുഴയാറിലൂടെ രണ്ട് മൃതദേഹങ്ങൾ ഒഴുകിവരുന്നത് നാട്ടുകാർ കണ്ടത്. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ ബിജിയുടെ ബന്ധുക്കളെത്തിയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.
മരണത്തിന് മുൻപ് ബിജിയും കുഞ്ഞും സമീപത്തെ ഒരു ഹോട്ടലിൽ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാഴ്ച പരിമിതിയുള്ള ബിജിയും ഭർത്താവും രണ്ട് പെൺമക്കളുമടങ്ങുന്ന നാലംഗ കുടുംബമാണ് കോതമംഗലത്ത് വാടകയ്ക്ക് താമസിച്ചിരുന്നത്. ഒരു വയസ്സുള്ള മകൾ അമ്മയോടൊപ്പം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ, ഇവരുടെ കൂടെയുണ്ടാകേണ്ടിയിരുന്ന ഭർത്താവിനെയും ആറ് വയസ്സുകാരിയായ മൂത്ത മകളെയും കുറിച്ച് നിലവിൽ ഒരു വിവരവുമില്ല. ഇവരെ കണ്ടെത്താനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കുടുംബം മറ്റുള്ളവരുമായി അധികം സമ്പർക്കമില്ലാതെ ഒറ്റപ്പെട്ടാണ് ജീവിച്ചിരുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. ബിജിയും ഭർത്താവും സ്വന്തം മാതാപിതാക്കളോടോ മറ്റ് അടുത്ത ബന്ധുക്കളോടോ സുഖകരമായ ബന്ധത്തിലായിരുന്നില്ല. ഇവർ തമ്മിൽ നിരന്തരമായ ആശയവിനിമയങ്ങളോ സമ്പർക്കങ്ങളോ ഉണ്ടായിരുന്നില്ല. ഇവർ ഇടയ്ക്കിടെ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് യാത്രകൾ പോകാറുണ്ടായിരുന്നു. ഇത്തവണയും അങ്ങനെ ഏതെങ്കിലും തീർത്ഥാടനത്തിന് പോയതാണോ അതോ മറ്റെന്തിങ്കുലമാണോ എന്ന കാര്യത്തുലും അന്വേഷണം പുരോഗമിക്കുന്നത്.
തുടർനടപടികളുടെ ഭാഗമായി ബിജിയുടെ മാതാപിതാക്കൾ ഇന്ന് പോലീസ് സ്റ്റേഷനിലെത്തി കൂടുതൽ മൊഴി നൽകും. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് വൈകിട്ടോടെ പൂർത്തിയാകും. കാണാതായ ഭർത്താവിനെയും മൂത്ത മകളെയും കണ്ടെത്തിയാൽ മാത്രമേ ഈ ദാരുണ മരണങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാകുകയുള്ളൂ.