muttil-case-anto-brothers-2

മുട്ടില്‍ മരംമുറിക്കേസില്‍  അഗസ്റ്റിന്‍ സഹോദരന്‍മാര്‍ക്കെതിരെ ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചു. എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിലാണ് നടപടി.  

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ടുള്ള അമ്പലമേട് പൊലീസിന്റെ കേസ് നടപടികളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. കുറ്റവിമുക്തരാക്കണമെന്ന ആവശ്യം തള്ളിയ ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതിയുടെ 2026 ഫെബ്രുവരി 26ലെ ഉത്തരവിൽ ഇടപെടുന്നില്ലെന്നു ജസ്റ്റിസ് ജി.ഗിരീഷ് വ്യക്തമാക്കിയിരുന്നു. Read Also: ശബരിമല യുവതീപ്രവേശം; വിധി ഒക്ടോബറില്‍; സൂചന നൽകി ചീഫ് ജസ്റ്റിസ്

വയനാട്ടിലെ മേപ്പാടി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ നിന്ന് അനധികൃതമായി മുറിച്ചുകടത്തിയ തടികൾ, വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് വിശ്വസിപ്പിച്ച് കരിമുകളിലെ മലബാർ ടിംബർ ഇൻഡസ്ട്രീസിനു വിറ്റെന്നാണ് കേസ്. വഞ്ചിച്ചതായി ആരോപിച്ച് സ്ഥാപന ഉടമയാണ് പരാതി നൽകിയത്. 

തടികൾ കൊണ്ടുപോകാൻ പ്രത്യേക പാസ് ആവശ്യമില്ലെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നും പ്രതികൾ വാദിച്ചു. എന്നാൽ, പ്രഥമദൃഷ്ട്യാ വഞ്ചന വ്യക്തമാണെന്നും പ്രതികൾക്കെതിരെ ഐപിസി 420-ാം വകുപ്പ് പ്രകാരം നടപടി തുടരാമെന്നും കോടതി വ്യക്തമാക്കി. മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്നു വ്യക്തമാക്കി ഹർജികൾ തള്ളി.  

ENGLISH SUMMARY:

The Chottanikkara Magistrate Court has issued arrest warrants against the Augustine brothers—Roji, Anto, and Josukutty—in connection with the high-profile Muttil tree-felling case.