എറണാകുളം മലയിടംതുരുത്ത് പര്യാത്തുകാവ് ഭൂമി തർക്കത്തിൽ സർക്കാർ മുന്നോട്ടുവച്ച ഒത്തുതീർപ്പ് നിർദേശങ്ങൾ ഭൂവുടമകൾ പൂർണമായി അംഗീകരിക്കാൻ തയ്യാറാകാതായതോടെ സമവായ ശ്രമങ്ങൾ പ്രതിസന്ധിയില്‍. ഇന്നലെ നിശ്ചയിച്ചിരുന്ന ഒത്തുതീർപ്പ് ചർച്ചയിൽ നിന്ന് ഭൂവുടമകൾ പിൻവാങ്ങിയതോടെ പ്രശ്നപരിഹാരം വീണ്ടും അനിശ്ചിതത്വത്തിലായി.
തർക്കഭൂമിയിൽ താമസിക്കുന്നവർക്കായി വീട് നിർമിച്ച് നൽകാമെന്നാണ് സർക്കാർ മുന്നോട്ടുവച്ച പ്രധാന നിർദേശം. ഇതിനായി ഇതുവരെ മൂന്ന് ഘട്ട ചർച്ചകൾ നടന്നിരുന്നു. സ്ഥലം വിട്ടുനൽകുന്നതിൽ ഭൂവുടമകൾ അനുകൂല നിലപാട് സ്വീകരിച്ചിരുന്നെങ്കിലും, പുനരധിവാസ വീടുകളുടെ നിർമാണം പൂർത്തിയാകുന്നതുവരെ നിലവിൽ താമസിക്കുന്നവർക്ക് അവിടെ തുടരാൻ അനുവദിക്കണമെന്ന സർക്കാർ നിർദേശം ഭൂവുടമകൾ തള്ളിക്കളഞ്ഞു.
ചൊവ്വാഴ്ചയ്ക്കകം ഭൂമിയിലെ താമസക്കാരെ ഒഴിപ്പിക്കണമെന്ന ഹൈക്കോടതിയുടെ നിർദേശം നിലനിൽക്കെയാണ് ഭൂവുടമകൾ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാർ അനാവശ്യ കാലതാമസം വരുത്തുകയാണെന്നാണ് ഭൂവുടമകളുടെ ആരോപണം. ഇനിയും ചർച്ചകൾക്ക് താൽപര്യമില്ലെന്നും കോടതി ഉത്തരവുപ്രകാരം ഭൂമി ഒഴിപ്പിച്ച് കൈമാറാൻ സർക്കാർ നേരിട്ട് ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
ഇതിനിടെ, മന്ത്രി റോജ് ജോണ്‍ വിളിച്ച ഇന്നലത്തെ ചർച്ച ഭൂവുടമകൾ ബഹിഷ്കരിച്ചിരുന്നു. അതേസമയം, സർക്കാർ ഭൂവുടമകൾക്കൊപ്പമാണെന്നും ഭൂമിയിൽ താമസിക്കുന്നവരെ കുടിയിറക്കാനാണ് ശ്രമമെന്നും സമരസമിതി ആരോപിച്ചു.
പ്രശ്നപരിഹാരത്തിനായി ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് മന്ത്രി റോജി എം ജോൺ ആവശ്യപ്പെട്ടു. സമരസമിതിയുടെ ആരോപണങ്ങളോട് പ്രതികരിച്ച മന്ത്രി, നിലവിലെ സാഹചര്യത്തിൽ വൈകാരിക പ്രതികരണങ്ങൾ സ്വാഭാവികമാണെന്നും കോടതി നിർദേശിച്ച സമയപരിധിക്കുള്ളിൽ പരിഹാരം കണ്ടെത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും പറഞ്ഞു. പ്രശ്നപരിഹാരത്തിനായി നാളെ വീണ്ടും എറണാകുളം കലക്ടറേറ്റിൽ ഇരുവിഭാഗങ്ങളുമായും ചർച്ച നടത്താനുള്ള ശ്രമത്തിലാണ് സർക്കാർ.