യാത്രക്കാരുടെ എണ്ണത്തിലും പ്രവർത്തന ലാഭത്തിലും എക്കാലത്തെയും ഉയർന്ന മുന്നേറ്റവുമായി കൊച്ചി മെട്രോ. 2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റനഷ്ടം 352.49 കോടി രൂപയായി കുറഞ്ഞു. മുൻ സാമ്പത്തിക വർഷം ഇത് 430.50 കോടി രൂപയായിരുന്നു. ഇക്കാലയളവിൽ 52.64 കോടി രൂപയുടെ പ്രവർത്തന ലാഭവും മെട്രോ നേടി. തുടർച്ചയായ നാലാം വർഷമാണ് കൊച്ചി മെട്രോ പ്രവർത്തന ലാഭം കൈവരിക്കുന്നത്.
2025-26ൽ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്ന് 1.01 ലക്ഷത്തിലെത്തി. കൊച്ചി മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കൂടുതൽ യാത്രക്കാർ മെട്രോയെ ആശ്രയിച്ചതോടെ ടിക്കറ്റ് വരുമാനത്തിലും ഗണ്യമായ വർധനയുണ്ടായി. ഇത് നേരിട്ട് പ്രതിഫലിച്ചത് പ്രവർത്തന ലാഭത്തിലാണ്. തുടർന്ന് 2026ൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.05 ലക്ഷമായി ഉയർന്നതിനെ തുടർന്ന് തിരക്കേറിയ സമയങ്ങളിൽ അധിക സർവീസുകളും ഏർപ്പെടുത്തിയിരുന്നു.
ടിക്കറ്റിതര വരുമാനത്തിലും മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. 2025-26ൽ ലഭിച്ച ആകെ പ്രവർത്തന വരുമാനമായ 224.65 കോടി രൂപയിൽ 76.33 കോടി രൂപയും (34 ശതമാനത്തോളം) സ്റ്റേഷൻ വാണിജ്യവൽക്കരണം, പരസ്യവരുമാനം, പ്രോപ്പർട്ടി വികസനം തുടങ്ങിയ മാർഗങ്ങളിലൂടെയാണ് ലഭിച്ചത്.