പത്തനംതിട്ട തണ്ണിത്തോട് തൂമ്പാക്കുളത്ത് ഉരുള്‍പൊട്ടിയതായി സംശയം. തൂമ്പാക്കുളം ജംക്‌ഷനില്‍ ചെളിയും മരങ്ങളും അടിഞ്ഞ നിലയിലാണ്. പമ്പയാറ്റില്‍ വന്‍തോതില്‍ ജലനിരപ്പ് ഉയര്‍ന്നു. മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോന്നി അരുവാപുല്ലം നെല്ലിക്കാപാറയിലും ഉരുൾപൊട്ടിയതായി സംശയമുണ്ട്. സീതത്തോട് വീടുകളിൽ വെള്ളം കയറി. കക്കട്ടാറിലെ ജലനിരപ്പ് ഉയർന്നു. അതേസമയം, കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
ഇടുക്കിയില്‍ കുടയത്തൂര്‍ അടൂര്‍മലയിലും ഉരുള്‍പൊട്ടി. ഒരുവീട് പൂര്‍ണമായും മണ്ണിനടിയില്‍. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതിക്കായാണ് തിരച്ചിൽ. പുല്ലകയാര്‍ കരകവിഞ്ഞൊഴുകുകയാണ്. കൊക്കയാര്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. ആറു വീടുകളില്‍ വെള്ളം കയറി, വീടുകളില്‍നിന്ന് ആളുകളെ മാറ്റി. ഉപ്പുതറയില്‍ പൊലീസ് ജീപ്പിന് മുകളില്‍ മണ്ണിടിഞ്ഞുവീണു. പൊലീസുകാർ വാഹനം നിർത്തി ഇറങ്ങിയതിനാൽ ആർക്കും പരുക്ക് ഇല്ല.
ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു. ഒരാൾ കുടുങ്ങി കിടക്കുന്നു. വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാള്‍ കുടുങ്ങിക്കിടക്കുകയാണ്. ഈരാറ്റുപേട്ട– വാഗമണ്ണില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതതടസവും ഉണ്ടായിട്ടുണ്ട്. വണ്ടിപ്പെരിയാറിൽ തോട് കരകവിഞ്ഞു. കെ.കെ.റോഡിൽ വെള്ളം കയറി. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയിൽ സ്കൂളുകൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെയാണ് അവധി.
കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലും ശക്തമായ മഴ. മൂന്നിലവിൽ ഉരുൾ പൊട്ടി. കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ ഡ്രൈവർ രാജേഷിന്‍റെ വീട് പൂർണമായും ഒലിച്ച് പോയി. ഭാര്യയ്ക്ക് പരുക്ക്. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിവിധയിടങ്ങളിലും നേരിയ ഉരുള്‍പൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതുവരെ ആറു കേന്ദ്രങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ വീട് മണ്ണിനടിയിൽ.
കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങയിലും ഉരുൾപൊട്ടൽ. കൂട്ടിക്കൽ ടൗണിൽ വെള്ളം കയറി. മുണ്ടക്കയം കോസ്‌വെ വെള്ളത്തിലായി. ഈരാറ്റുപേട്ട ടൗണും വെള്ളത്തിൽ. ജില്ലയില്‍ വിവിധയിടങ്ങില്‍ വെള്ളക്കെട്ടുമുണ്ട്. മുണ്ടക്കയം കോസ്‌വേയില്‍ വെള്ളംകയറി. കൂട്ടിക്കലിലും കാഞ്ഞിരപ്പള്ളിയിലും പാറത്തോട്ടിലും വെള്ളക്കെട്ടുണ്ട്. കൂട്ടിക്കലിൽ ചില വീടുകളിലും വെള്ളം കയറി. എരുമേലി വലിയമ്പലത്തിൽ വെള്ളം കയറി. ഈരാറ്റുപേട്ട, നടക്കൽ, മുരിക്കോരി ഭാഗങ്ങളിൽ വെള്ളം കയറി. തൊടുപുഴ റോഡിലും ടൗണിലും വെള്ളക്കെട്ട്. പാലാ ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിൽ റോഡിൽ വെള്ളം കയറി. മണിമല ആറ്റിൽ വെള്ളം കൂടിയതിനെ തുടർന്ന് പുനലൂർ മൂവാറ്റുപുഴ റോഡിന്റെ മണിമല ടൗൺ, മണ്ണനാണി, വാഴൂർ, മണിമല റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. നിരവധി വീടുകളിലും വെള്ളം കയറി. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡും വെള്ളത്തിൽ. ശക്തമായ മഴയെ തുടര്‍ന്ന് കോട്ടയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു.