തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾക്കെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഇന്ത്യ മുന്നണി ഡൽഹിയിലെ രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന 'ചലോ ദില്ലി' പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ തടിച്ചുകൂടിയ ജനം.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ ചലോ ദില്ലി മഹാറാലി. ചെറു റാലികളായി പ്രവര്‍ത്തകര്‍ രാംലീല മൈതാനിയിലേക്ക് എത്തുകയാണ്. വോട്ടുകൊള്ള തുറന്നുകാട്ടുന്ന റാലിയില്‍ രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ഇന്ത്യാസഖ്യ നേതാക്കള്‍ അറിയിച്ചു. പത്തുലക്ഷം പേരെങ്കിലും രാജ്യ തലസ്ഥാനത്ത് എത്തുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.
ഇന്ത്യ സഖ്യ മഹാറാലി സർക്കാരിനുള്ള താക്കീത് എന്ന് കെ സി വേണുഗോപാൽ മനോരമ ന്യൂസിനോട് പറഞ്ഞു. ഡൽഹി ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കും. രാജ്യത്തെ ജനങ്ങളുടെ രോഷം ഡൽഹിയിൽ അലയടിക്കും. ഗ്യാനേഷിനെ താഴെ ഇറക്കുമെന്നും. സമാധാനപരമായ പ്രക്ഷോഭവുമായി സഹകരിച്ചാൽ പോലീസിന് നല്ലത് എന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.
2029ലെ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ ഇരിക്കുന്ന മാറ്റത്തിന്റെ കാറ്റാണ് ഡൽഹിയിൽ ആഞ്ഞുവീശിക്കൊണ്ടിരിക്കുന്നത് എന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. വോട്ട് കൊള്ളക്കും സർക്കാരിനും എതിരെ ജനം രാജ്യതലസ്ഥാനത്തേക്ക് ഒഴുകിയെത്തുകയാണ്. ഈ പ്രതിഷേധങ്ങൾ ഭരണകൂടത്തെ അലോസരപ്പെടുത്തുന്നുണ്ട്. സർക്കാർ ശക്തമായ പ്രതികരണവുമായി രംഗത്തുവരുന്നത് അതുകൊണ്ടാണെന്നും എൻ.കെ.പ്രേമചന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു.