50 വർഷം മുൻപ് സ്‌കൂളിൽ ഒന്നിച്ച് പഠിച്ചവർ വീണ്ടും ഒരുമിച്ചെത്തിയാലോ? കൊച്ചി സെന്‍റ് തെരേസാസ് സ്‌കൂളിൽ നിന്നും 1976ൽ പത്താം ക്ലാസ് കഴിഞ്ഞവരാണ് ഓർമ്മകൾ പങ്കുവെക്കാൻ ഒത്തുകൂടിയത്. അന്നത്തെ ടീച്ചർമാരും എത്തിയതോടെ പരിപാടി കളറായി
50 വർഷം മുമ്പ് പത്താം ക്ലാസ് കഴിഞ്ഞ് പിരിഞ്ഞവർ. ചിലരൊക്കെ കുറച്ചുകാലം കൂടി ഒരുമിച്ച് പഠിച്ചു. പലരും പലയിടത്തേക്കായി പിരിഞ്ഞു. കൊച്ചി സെന്‍റ് തെരേസാസ് കോൺവെന്‍റ് ഹൈസ്കൂളിലെ നാലു ഡിവിഷനുകളിലായി അന്ന് പഠിച്ചു പിരിഞ്ഞവരാണ് ഇന്ന് ഒത്തുകൂടിയത്
പിരിഞ്ഞ ആദ്യസമയത്ത് ആരുമായും അധികം ബന്ധം ഉണ്ടായിരുന്നില്ല, വാട്സ്ആപ്പ് വന്നപ്പോൾ എല്ലാവരുമായി വീണ്ടും ബന്ധം ആരംഭിച്ചു, അങ്ങനെ ഒരുമിച്ചു കൂടാൻ തീരുമാനിച്ചു.
തങ്ങളെ അന്ന് പഠിപ്പിച്ച ടീച്ചർമാരെയും ഇവർ ചടങ്ങിലേക്ക് കൊണ്ടുവന്നു. പലർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും, കുട്ടികളുടെ ആവേശമാണ് ടീച്ചർമാരെ ഇങ്ങോട്ട് എത്തിച്ചത്.
വെറുതെ പരസ്പരം കണ്ട്, സംസാരിച്ച് സന്തോഷം പങ്കിട്ട് പിരിയുക മാത്രമല്ല ഇവർ ചെയ്തത്. പഠിച്ച സ്കൂളിലേക്ക് 11 ലാപ്ടോപ്പുകൾ നൽകിയാണ് അൻപതാം വർഷത്തെ ഒത്തുകൂടൽ അന്നത്തെ കുട്ടികൾ ആഘോഷിച്ചത്.