ശാസ്ത്രീയ നൃത്തത്തിന്റെ അപൂർവ അനുഭവമായി പ്രശസ്ത ഭാരതനാട്യ നർത്തകി ലീല സാംസൺ. കൊച്ചിയിൽ നാട്യരൂപികയുടെ ആഭിമുഖ്യത്തിൽ നടന്ന രണ്ടുദിവസത്തെ ഭരതനാട്യ വർക്ക് ഷോപ്പിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രൊഫഷണൽ നർത്തകരും അധ്യാപകരും പങ്കെടുത്തു. 74-ാം വയസ്സിലും കലാപ്രഭയോടെ വേദി കീഴടക്കി ലീല സാംസൺ. നിറഞ്ഞ സദസ്സിന് മുന്നിൽ കാണികളുടെ ഹൃദയവും മനസും നിറച്ചായിരുന്നു ലീലയുടെ ഓരോ ചുവടും.
കലാക്ഷേത്രയിലെ മുൻ വിദ്യാർത്ഥിനിയും ലീല സാംസണിന്റെ ശിഷ്യയുമായ രൂപിക ജൂലിയൻ സ്ഥാപിച്ച നാട്യരൂപികയാണ്, 2 ദിവസത്തെ വർക്ക് ഷോപ്പും ഭരതനാട്യവും സംഘടിപ്പിച്ചത്. ഇന്ത്യയിലെ ശ്രദ്ധേയമായ ഭാരതനാട്യ നർത്തകരിൽ ഒരാളായ ലീല സാംസൺ നേരിട്ടാണ് ക്ലാസുകൾ കൈകാര്യം ചെയ്തത് . സാങ്കേതിക മികവും അഭിനയത്തിന്റെ സൂക്ഷ്മതകളും കേന്ദ്രീകരിച്ചായിരുന്നു പരിശീലനം. 40 നർത്തകരെ രണ്ട് ബാച്ചുകളാക്കി തിരിച്ചു സംഘടിപ്പിച്ച വർക്ക്‌ഷോപ്പിൽ, ലീല സാംസൺ പ്രത്യേകമായി കൊറിയോഗ്രാഫ് ചെയ്ത് അവതരിപ്പിച്ച ഭരതനാട്യം നേരിട്ട് കണ്ട് പഠിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.