കൊച്ചിയിൽ കെഎംആർഎൽ വാങ്ങിയ ഇലക്ട്രിക് ഓട്ടോകൾ ഓടിക്കാൻ ആളില്ലാതെ തുരുമ്പെടുക്കുന്നു. കരാർ വ്യവസ്ഥകളും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് ഓട്ടോ ഓടിക്കാൻ ആളെ കിട്ടാത്തതിന്റെ കാരണം.
കൊച്ചി മെട്രോയുടെ ലാസ്റ്റ് മൈൽ കണക്ടിവിറ്റിക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് വാങ്ങിയ ഇലക്ട്രിക് ഓട്ടോകൾ ഡ്രൈവർമാരില്ലാത്തതിനാൽ കട്ടപ്പുറത്താണ് . കെഎംആർഎൽ 75 ഇലക്ട്രിക് ഓട്ടോകളും ,കൊച്ചി കോർപറേഷൻ 30 ഇലക്ട്രിക് ഓട്ടോകളുമാണ് വാങ്ങിയത്. ഇതിൽ 32 എണ്ണവും ഇപ്പോൾ സർവീസ് ഇല്ലാത്തതിനാൽ കലൂർ മെട്രോ പാർക്കിങ് യാർഡിൽ തുരുമ്പെടുത്ത് നശിക്കുകയാണ്. കരാർ പ്രകാരം ഓട്ടോ ഏറ്റെടുക്കുന്നവർ ദിവസേന 312 രൂപ കെഎംആർഎലിന് നൽകണം. അതേസമയം യാത്രക്കാരിൽ നിന്ന് അധിക ചാർജ് ഈടാക്കാൻ പാടില്ല എന്ന വ്യവസ്ഥയും ഉണ്ട്. സാമ്പത്തികമായി ഓട്ടോ ഓടിക്കുന്നത് ലാഭകരമല്ലെന്ന് തോന്നിയതോടെ പല ഡ്രൈവർമാരും ഓട്ടോ തിരികെ പാർക്ക് ചെയ്യാൻ തുടങ്ങി.
ഒരു വർഷം കഴിഞ്ഞപ്പോൾ ഇൻഷുറൻസ് പുതുക്കാൻ സമയമായതോടെ ഓട്ടോയുടെ ഉടമസ്ഥതതയുള്ള കെഎംആർഎൽ അറ്റകുറ്റപ്പണികൾ നടത്തണം എന്ന് സൊസൈറ്റി വാദിച്ചു. അതേസമയം ഇൻഷുറൻസ് പുതുക്കാൻ കെഎംആർഎൽ തയ്യാറാണെങ്കിലും,
മെയിന്റനൻസ് കരാർ എടുത്തവരാണ് ചെയ്യേണ്ടതെന്ന് അധികൃതർ പറയുന്നു. ആറുമാസത്തിലേറെയായി ഓടിക്കാത്തതിനാൽ ഓട്ടോയുടെ ഇലക്ട്രിക് ബാറ്ററികൾ മിക്കവാറും തകരാറിലാകാനുള്ള സാധ്യതയുമുണ്ട്. ഇത് മാറ്റാൻ ഓട്ടോയുടെ വിലയുടെ പകുതി ചെലവാകും. ഓട്ടോകൾ വീണ്ടും ഗതാഗതയോഗ്യമാക്കാൻ കെഎംആർഎൽ, സൊസൈറ്റിയുമായി ചർച്ച തുടരുകയാണ്.