vehicle-image1

AI Image

കേരളത്തിൽ ചൂട് 40 ഡിഗ്രിയും കടന്ന് കുതിക്കുകയാണ്. മനുഷ്യർക്ക് മാത്രമല്ല, നമ്മുടെ വാഹനങ്ങൾക്കും ഈ കാലാവസ്ഥാ വ്യതിയാനം വലിയ വെല്ലുവിളിയാണ്. എൻജിൻ ചൂടായി വഴിയിൽ കിടക്കാതിരിക്കാനും തീപിടിത്തം പോലുള്ള അപകടങ്ങൾ ഒഴിവാക്കാനും ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.

1. പാർക്കിങ് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും!

വാഹനങ്ങളുടെ കാര്യത്തിൽ പാർക്കിങ് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.  വാഹനം എപ്പോഴും തണലത്ത് പാർക്ക് ചെയ്യാൻ ശ്രമിക്കുക. വെയിലത്ത് നിർത്തേണ്ടി വന്നാൽ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

vehicle-image4

AI Image

സൺഷീൽഡ്: ഡാഷ്‌ബോർഡിൽ നേരിട്ട് വെയിൽ അടിക്കുന്നത് ഒഴിവാക്കാൻ സൺപ്രൊട്ടക്ഷൻ ഷീൽഡ് ഉപയോഗിക്കുക.  സ്റ്റിയറിങ് വീലിന് കവർ ഉപയോഗിക്കുന്നതും നല്ലതാണ്.

വിൻഡോ ഗ്ലാസ്: ഉള്ളിലെ ചൂട് വായു പുറത്തുപോകാനായി ഗ്ലാസുകൾ അല്പം താഴ്ത്തിയിടുക

വൈപ്പർ: വൈപ്പർ ബ്ലേഡുകൾ വിൻഡ് ഷീൽഡിൽ നിന്ന് ഉയർത്തി വെക്കാം. റബ്ബർ ഗ്ലാസിൽ ഒട്ടിപ്പിടിക്കുന്നത്  തടയാനും വൈപ്പർ ബ്ലേഡിന്‍റെ ആയുസ് കൂട്ടാനും ഇത് കൊണ്ട് സാധിക്കുന്നു

സുരക്ഷ: ഉണങ്ങിയ ഇലകൾ ഉള്ള ഇടങ്ങളിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക. ഇത് തീപിടിത്ത സാധ്യത കുറയ്ക്കാൻ സഹായിക്കും. 

2. വാഹനത്തിനുള്ളിലെ 'അദൃശ്യ' ചതിക്കുഴികൾ

കാറിനുള്ളിൽ ഉപേക്ഷിക്കുന്ന ചില സാധനങ്ങൾ ചിലപ്പോള്‍ വില്ലന്മാരായേക്കാം. 

കുപ്പിവെള്ളം: വാഹനത്തിൽ ഗ്ലാസ് ബോട്ടിൽ, പെറ്റ് ബോട്ടിൽ എന്നിവയിൽ വെള്ളം സൂക്ഷിക്കാൻ പാടില്ല.  കുപ്പിവെള്ളത്തിലേക്ക് വെയിൽ നേരിട്ട് ഏറ്റാൽ പ്രിസം ഇഫക്ട് എന്ന പ്രതിഭാസം കാരണം തീപിടിക്കാൻ സാധ്യതയുണ്ട്.

vehicle-image2

AI Image

സ്പ്രേകൾ: പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ള സ്‌പ്രേകൾ, സാനിറ്റൈസർ എന്നിവ പോലുള്ള വസ്തുക്കളും കാറിൽ സൂക്ഷിക്കരുത്

ഇന്ധനം: കുപ്പികളിൽ പെട്രോളോ ഡീസലോ വാങ്ങി കാറിൽ സൂക്ഷിക്കുന്നത് അതീവ അപകടകരമാണ്

3. എസി ഇടുന്നതിന് മുൻപ് ഇതൊന്ന് പരീക്ഷിക്കൂ

വെയിലത്ത് പാർക്ക് ചെയ്ത കാർ എടുക്കുമ്പോൾ ഉടൻ എസി ഓൺ ചെയ്യരുത്. ആദ്യം വിൻഡോ ഗ്ലാസ് താഴ്ത്തി ഫാൻ മാത്രം ഓൺ ചെയ്യുക. വായുസഞ്ചാരം കാലുകളിലേക്ക് വരുന്ന രീതിയിൽ ഫാൻ  ക്രമീകരിച്ചാൽ ചൂടുവായു പെട്ടെന്ന് പുറത്തേക്ക് പോകും. കാറിന്റെ ഉള്ളിലെ ചൂട് പുറത്തേക്കാൾ കൂടുതലാണ്. ചൂടുള്ള വായു എപ്പോഴും മുകളിലേക്കാണ് പോകുക. അതിനാൽ ചൂട് കുറഞ്ഞ വായു വാഹനത്തിന്റെ താഴെ എത്തിക്കാനാണ് വായുസഞ്ചാരം കാലിലേക്ക് വരുന്ന രീതിയിൽ ക്രമീകരിക്കുന്നത്.

വാഹനം കുറച്ച് ദൂരം ഓടിയശേഷം മാത്രം വിൻഡോ ഗ്ലാസുകൾ ഉയർത്തി എസി ഓൺ ചെയ്യുക. ഇത് എസിയുടെ ആയുസ്സ് കൂട്ടും. 

യാത്ര തുടങ്ങുമ്പോൾ തന്നെ 'റീസർക്കുലേഷൻ മോഡ്' ഇടാതിരിക്കാൻ ശ്രദ്ധിക്കുക.

4. ടയറുകളുടെ ആരോഗ്യം

ചൂടുകാലത്ത് ടയറിലെ മർദ്ദം കൃത്യമായിരിക്കണം. കൂടുതൽ ഭാരവുമായി ദൂരയാത്രയ്ക്ക് ഒരുങ്ങുകയാണെങ്കിൽ ചക്രത്തിൽ കുറച്ചധികം കാറ്റടിക്കുന്നത് നല്ലതാണ്. പക്ഷേ ചക്രത്തിൽ രേഖപ്പെടുത്തിയതിനെക്കാൾ കാറ്റ് അധികമാകാതിരിക്കാനും ശ്രദ്ധിക്കണം. 

vehicle-image3

AI Image

രണ്ടാഴ്ചയിലൊരിക്കൽ എയർ പ്രഷർ ചെക്ക് ചെയ്യുക. ചക്രം തണുത്തിരിക്കുമ്പോൾ മാത്രമേ കാറ്റിന്റെ അളവ് പരിശോധിക്കാൻ പാടുള്ളൂ. ഏറെ നേരം ഓടിക്കഴിഞ്ഞുള്ള പരിശോധയിൽ ഫലം കൃത്യമാകണമെന്നില്ല.  വാഹന കമ്പനി നിർദേശിക്കുന്ന ചക്രം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.

ചൂടുകാലത്ത് ടയർ പ്രഷർ നേരിയ തോതിൽ കുറയ്ക്കുന്നത് നല്ലതാണ്.

ടയർ തണുത്തിരിക്കുമ്പോൾ (യാത്ര തുടങ്ങുന്നതിന് മുൻപ്) മാത്രം പ്രഷർ പരിശോധിക്കുക.

5. എൻജിൻ കൂളാക്കാൻ ചില മുൻകരുതലുകൾ

റേഡിയേറ്റർ: കൂളന്റ് ലെവൽ കൃത്യമാണെന്ന് ഉറപ്പാക്കുക.

ഫാൻ ബെൽറ്റ് & ഫിൽട്ടർ: എയർ ഫിൽട്ടറും ഫാൻ ബെൽറ്റും പരിശോധിച്ച് വൃത്തിയാക്കുക.

ബാറ്ററി: വേനലിൽ ബാറ്ററി വെള്ളം വേഗത്തിൽ വറ്റാൻ സാധ്യതയുള്ളതിനാൽ ഇത് പരിശോധിക്കണം.

6. യാത്രക്കാർക്കും വേണം കരുതൽ

ഭക്ഷണം: എണ്ണമയമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി ജലാംശമുള്ള പഴങ്ങളും ജ്യൂസുകളും ശീലമാക്കുക.

വസ്ത്രം: അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

വിശ്രമം: കണ്ണിന്‍റെ ആയാസം കുറയ്ക്കാൻ സൺഗ്ലാസ് ഉപയോഗിക്കുക. ദീർഘദൂര യാത്രകളിലെ അസ്വസ്ഥതയും, ശാരീരിക ക്ഷീണവും ഒഴിവാക്കാൻ ഇടവേളകളിൽ മുഖം കഴുകുന്നത് ഉന്മേഷം നൽകും. 

കൂടുതൽ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഡ്രൈവിങ് കഴിയുന്നതും ഒഴിവാക്കുക.

ടാങ്ക് നിറയെ ഇന്ധനം അടിച്ചാൽ ചൂടുകാലത്ത് വണ്ടിക്ക് തീപിടിക്കുമെന്നത് വെറും വ്യാജ പ്രചാരണമാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. കമ്പനികൾ നിർദ്ദേശിക്കുന്ന അളവിൽ ധൈര്യമായി ഇന്ധനം നിറയ്ക്കാം. തണലിനായി നായകളോ മറ്റു ജീവികളോ പാർക്ക് ചെയ്ത വാഹനത്തിന്‍റെ അടിയിൽ അഭയം തേടിയേക്കാം. ഡ്രൈവിങ് സീറ്റിലേക്ക് കയറും മുമ്പ് നിർബന്ധമായും വാഹനത്തിന്റെ അടിഭാഗം പരിശോധിക്കണം.

ENGLISH SUMMARY:

As temperatures soar above 40°C in Kerala, your vehicle needs extra care to survive the heatwave. From smart parking hacks and tire pressure maintenance to the hidden dangers of keeping water bottles in cars, learn essential tips to protect your vehicle from engine overheating and fire hazards this summer.