kochi-muncipal-corporation

TOPICS COVERED

കൊച്ചി കോര്‍പറേഷന്‍റെ പുതിയ ഭരണസമിതിയുടെ ആദ്യ ബജറ്റ് നാളെ. വയോജനങ്ങളുടെ ആരോഗ്യവും സന്തോഷവും ഉറപ്പാക്കാനുള്ള പദ്ധതി അടക്കം ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഡപ്യൂട്ടി മേയര്‍ നടത്തേക്കും. ഇരുപത്തിയഞ്ച് വര്‍ഷത്തിനപ്പുറം കൊച്ചി എങ്ങിനെ ആയിരിക്കണമെന്ന ലക്ഷ്യത്തോടെയുള്ള വികസന പദ്ധതികള്‍ക്കാണ് ബജറ്റില്‍ ഇടം നല്‍കിയിട്ടുള്ളതെന്ന് ഡപ്യൂട്ടി മേയര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

കൊച്ചിയില്‍ സിപിഎമ്മില്‍ നിന്ന് അധികാരം പിടിച്ചെടുത്ത കോണ്‍ഗ്രസ് ഭരണസമിതിയുടെ ആദ്യ ബജറ്റ്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യം. ഡപ്യൂട്ടിമേയറില്‍ നിന്ന് ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. 50 ദിന കര്‍മപദ്ധതിയുമാണ് കോര്‍പറേഷന്‍ ഭരണം മുന്നോട്ടുപോകുന്നത്. ഇതിന്‍റെ തുടര്‍ച്ചയായുള്ള പദ്ധതികള്‍ ബജറ്റില്‍ ഇടംപിടിക്കും. തെരുവുനായ ശല്യവും കൊതുക് നിവാരണവും മാലിന്യനിര്‍മാര്‍ജനവും പ്രധാന വിഷയങ്ങളായുണ്ടാകും. വീടുകളില്‍‌ ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങള്‍ക്ക് കൈത്താങ്ങാവുന്ന പ്രഖ്യാപനവും പ്രതീക്ഷിക്കുന്നു. സമയബന്ധിതമായി നടപ്പാക്കാന്‍ കഴിയുന്നവിധത്തിലുള്ള പദ്ധതികളായിരിക്കും ബജറ്റിലുണ്ടാവുകയെന്ന് ഡപ്യൂട്ടി മേയര്‍. 

പുതിയ കോര്‍പ്പറേഷന്‍ ഓഫിസിലെ ആദ്യ ബജറ്റ് അവതരണമാണ്. 1388.14 കോടി രൂപയുടെ വരവു പ്രതീക്ഷിക്കുന്നു. 1255.17 കോടി രൂപയുടെ ചെലവും. വ്യാഴാഴ്ച്ച ബജറ്റിന്മേലുള്ള ചര്‍ച്ചയും വെള്ളിയാഴ്ച്ച ബജറ്റിന് അംഗീകാരം നല്‍കലും നടക്കും. 

ENGLISH SUMMARY:

Kochi Corporation's new budget will focus on development projects and popular announcements, including initiatives for senior citizens. The budget aims to shape Kochi's future over the next 25 years and address key issues like stray dogs, mosquitoes, and waste management.