ഉടമയെ കാത്ത് ലാബ്രഡോർ ഇനത്തില്‍പ്പെട്ട നായ. കൊച്ചി കതൃക്കടവ് റോഡിൽനിന്ന് കണ്ടെത്തിയ നായ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
കലൂർ കതൃക്കടവ് റോഡിൽ നിന്നാണ് ഈ ആൺ ലാബ്രഡോറിനെ കണ്ടെത്തുന്നത്. ഏകദേശം 6 വയസ്സ് പ്രായം. ചുവന്ന കോളറും തുടലുമായി കണ്ടെത്തുമ്പോൾ നഗരത്തിരക്കിൽ അകപ്പെട്ടതിന്റെ ആശങ്കയത്രയും മുഖത്തുണ്ടായിരുന്നു. നായയെ രക്ഷിച്ച നാട്ടുകാർ കടവന്ത്രയിൽ പെറ്റ് ഹോസ്പിറ്റൽ നടത്തുന്ന ഡോ.വിനോദ് കുമാറിനെ ബന്ധപ്പെടുകയായിരുന്നു.
ഏതെങ്കിലും വീട്ടിൽ നിന്ന് അബദ്ധത്തിൽ നഷ്ടപ്പെട്ടത് ആയിരിക്കാമെന്ന് ഊഹത്തിലാണ് ഡോക്ടർ നായയെ തന്റെ ആശുപത്രിയിൽ എത്തിക്കാൻ നിർദേശിച്ചതും.നായ ഇപ്പോൾ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
സമാനസാഹചര്യത്തില്‍ ഒരാഴ്ച മുൻപ് കാണാതായ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയുടെ ചിത്രം ഉൾപ്പെടെ മനോരമ ന്യൂസ് വാർത്ത പുറത്തുവിട്ടതിന് പിന്നാലെ നായയെ തേടി ഉടമ എത്തിയിരുന്നു. സുഭാഷ് പാർക്കിൽ കണ്ടെത്തിയ ഓജോയെ ഉടമയ്ക്ക് റെസ്ക്യൂ ടീം കൈമാറുകയായിരുന്നു.