കൊച്ചി നഗരത്തിലൂടെ രാത്രിയില്‍ ഉഗ്രശബ്ദത്തില്‍ ചീറിപ്പാഞ്ഞ കാറുകള്‍ക്കെതിരെ പൊലീസിന്‍റെ നടപടി. ക്വീന്‍സ് വോക് വേയില്‍ മത്സരയോട്ടം നടത്തിയ മൂന്ന് കാറുകള്‍ സെന്‍ട്രല്‍ പൊലീസ് പിടിച്ചെടുത്തു. ഉഗ്രശബ്ദം പുറപ്പെടുവിക്കാന്‍ അനധികൃത സൈലന്‍സറുകളാണ് കാറില്‍ ഘടിപ്പിച്ചിരുന്നത്. ഇതില്‍ നിന്ന് തീയും പുറത്തുവന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രൂപമാറ്റം വരുത്തിയതടക്കം കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി.
ഉടമകള്‍ക്കെതിരെ കേസെടുത്ത് ലൈസന്‍സടക്കം സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ ദിവസം മറ്റൊരു കാറും പിടിച്ചെടുത്തിരുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സമാനമായ നിരവധി വാഹനങ്ങളാണ് കൊച്ചിയിലും പരിസര പ്രദേശങ്ങളിലും രാത്രി കാലങ്ങളില്‍ ചീറിപ്പായുന്നത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് പൊലീസിന്‍റെ തീരുമാനം.