ശബരിമല സ്വർണക്കൊള്ളയിൽ എ.പത്മകുമാർ പ്രസിഡന്റായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണസംഘം. ഉണ്ണികൃഷ്ണൻ പോറ്റിയെ അതിരുവിട്ട് സഹായിക്കാനായി ദേവസ്വം മാന്വൽ തന്നെ തിരുത്തി എഴുതി. ഇത് ഭരണസമിതിയിലെ മൂവരുടെയും അറിവോടെയാണ്. മിനിറ്റ്സ് തിരുത്തിയതും പുതിയ ഉത്തരവുകൾ എഴുതി ചേർത്തതും ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ പ്രസിഡന്റായിരുന്ന പത്മകുമാർ,  അംഗങ്ങളായ എൻ.വിജയകുമാറിനെയും, കെ.പി.ശങ്കരദാസിനെയും ബോധ്യപ്പെടുത്തിയിരുന്നുവെന്നും എസ്ഐടിയുടെ കണ്ടെത്തല്‍. വൻതുക ലാഭം മോഹിച്ചും, വ്യക്തി താൽപര്യം ഉൾപ്പെടെയുള്ള നേട്ടം ലക്ഷ്യമിട്ടും നിയമലംഘനത്തിന് കൂട്ടുനിൽക്കുകയായിരുന്നു. പത്മകുമാർ ഇക്കാര്യങ്ങൾ സമ്മതിച്ചിട്ടുള്ളതാണെന്നും വിജയകുമാറിനും ശങ്കരദാസിനും ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. 

താന്‍ നിരപരാധിയാണെന്നും എല്ലാം സഖാവ് പറഞ്ഞിട്ടാണ് ചെയ്തതെന്നുമാണ് വിജയകുമാറിന്‍റെ മൊഴി. സ്വര്‍ണപ്പാളി മാറ്റുന്ന കാര്യമടക്കം ബോര്‍ഡില്‍ അവതരിപ്പിച്ചത് പത്മകുമാറാണ്. പ്രധാനതീരുമാനങ്ങളെല്ലാം പ്രസിഡന്‍റ് പറയുന്നതായിരുന്നു രീതി. അതുകൊണ്ട് വായിച്ചുപോലും നോക്കാതെ ഒപ്പിട്ടുവെന്നും പ്രശ്നമുണ്ടാകുമെന്ന് അറിഞ്ഞില്ലെന്നും വിജയകുമാര്‍ പറയുന്നു. എന്നാല്‍ തട്ടിപ്പില്‍ തനിക്ക്  ഉത്തരവാദിത്തമെന്ന മട്ടിലുള്ള വിജയകുമാറിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും എസ്ഐടി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുണ്ട്. പത്മകുമാറും, വിജയകുമാറും അറസ്റ്റിലായ സാഹചര്യത്തിൽ എസ്ഐടിയുടെ അടുത്ത ലക്ഷ്യം ശങ്കരദാസിലേക്ക് എന്നാണ് വ്യക്തമാവുന്നത്. ആരോഗ്യ കാരണങ്ങൾ പറഞ്ഞ് ചോദ്യം ചെയ്യലിന് അവധി ആവശ്യപ്പെടുന്ന ശങ്കരദാസിന്റെ നീക്കം എസ്ഐടി പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ജനുവരി 12 വരെ വിജയകുമാറിനെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ടെങ്കിലും വിജയകുമാർ നൽകിയ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി നാളെ പരിഗണിക്കും.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇന്ന് നിർണായക ചോദ്യം ചെയ്യൽ.  പുരാവസ്തു കച്ചവട കടത്ത് സംഘം എന്ന് സംശയിക്കുന്ന ഡി മണിയെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 ന് തിരുവനന്തപുരത്തെ എസ്ഐടി ഓഫിസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് ഡി മണി എന്നറിയപ്പെടുന്ന എം.സുബ്രഹ്മണ്യം അറിയിച്ചു. ഡി മണിയും കേരളത്തിലെ ഉന്നതനും ചേർന്ന് ശബരിമലയിലെ 3 പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. കഴിഞ്ഞ ദിവസങ്ങളിൽ ഡി മണിയെ ഡിണ്ടിഗലിൽ എത്തി ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും തെറ്റായ വിവരങ്ങൾ നൽകി ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെയാണ് നോട്ടിസ് നൽകി തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തുന്നത്.

ENGLISH SUMMARY:

The SIT investigation into the Sabarimala gold theft case reveals that the former Devaswom Board led by A. Padmakumar committed serious violations, including altering the Devaswom Manual to help Unnikrishnan Potti. Former members N. Vijayakumar and K.P. Sankaradas are also under scrutiny.