പുതുവത്സര ആഘോഷങ്ങള്‍ക്കായി ഫോര്‍ട്ട് കൊച്ചിയില്‍ ഇത്തവണ പ്രതീക്ഷിക്കുന്നത് മൂന്ന് ലക്ഷത്തിലേറെ പേരെ. പരേഡ് ഗ്രൗണ്ടിന് പുറമെ വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കുന്നത് തിരക്ക് നിയന്ത്രിക്കാന്‍ ഗുണം ചെയ്യുമെന്ന കണക്ക് കൂട്ടലിലാണ് പൊലീസ്. വിവിധ വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് പുറമെ സുരക്ഷയ്ക്കായി 1200 പൊലീസുകാരെയും വിന്യസിക്കും.
മഴമരം പൂത്തപ്പോള്‍ തന്നെ ഫോര്‍ട്ട്കൊച്ചി നിശ്ചലമായി. ഒന്നനങ്ങാന്‍ പോലുമാകാതെ പലരും വഴിയില്‍ കുരുങ്ങിയത് മണിക്കൂറുകള്‍. ഇങ്ങനെയായാല്‍ പുതുവത്സരദിനമെന്താകുമെന്ന് ആശങ്കപ്പെടുന്നവരോട് എല്ലാം ശരിയാകുമെന്ന് കൊച്ചി സിറ്റി പൊലീസിന്‍റെ ഉറപ്പ്. കഴിഞ്ഞതവണത്തേക്കാള്‍ ഇരട്ടിയാളുകളെയാണ് ഇത്തവണ പൊലീസ് പ്രതീക്ഷിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ എല്ലാവരുടെയും ലക്ഷ്യം പരേഡ് ഗ്രൗണ്ടെങ്കില്‍ ഇത്തവണ ഫോക്കസ് വെളി ഗ്രൗണ്ടിലേക്കും മാറുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. ഇത്തവണ ഇവിടുത്തെ പാപ്പാഞ്ഞിയെ കത്തിക്കാന്‍ പൊലീസ് അനുമതി നല്‍കി.എല്ലാവര്‍ക്കും ആഘോഷിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യമെന്ന് കമ്മിഷണര്‍ വ്യക്തമാക്കി.
സന്ദര്‍ശകരെ വിവിധ സെഗ്മെന്‍റുകളാക്കി തിരിക്കും പാര്‍ക്കിങിനായി 28 സ്ഥലങ്ങളും കണ്ടെത്തി. വിദേശികള്‍ക്ക് പ്രത്യേക പവലിയന്‍ ഒരുക്കും. കൊച്ചി നഗരത്തില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള പ്രവേശനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ആളുകളെ എത്തിക്കാന്‍ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും ഷട്ടില്‍ സര്‍വീസ് നടത്തും. അടിയന്തിര സാഹചര്യം നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കും. ആംബുലന്‍സുകളുടെ സുഗമമായ സഞ്ചാരത്തിന് പ്രത്യേക പാതയൊരുക്കും. ഫോര്‍ട്ട്കൊച്ചിക്ക് പുറമെ പുതുവത്സരാഘോഷങ്ങള്‍ നടക്കുന്ന കാക്കനാട്, പുതുവൈപ്പ് ബീച്ച്, പള്ളുരുത്തി, മറൈന്‍ഡ്രൈവ് എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കും.