കിഴക്കമ്പലത്ത് കണ്ണൂര്‍ മോഡല്‍ ബൂത്ത് പിടിത്തം നടന്നുവെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. ട്വന്റി ട്വന്റിയെ തുടച്ചുനീക്കാന്‍ ഗൂഢാലോചന നടന്നു. കോണ്‍ഗ്രസും  സിപിഎമ്മും ഒത്തുകളിച്ചുവെന്നും ഇരുവരെയും നിയന്ത്രിക്കുന്നത് ശ്രീനിജന്‍ എംഎല്‍എയാണെന്നും സാബു എം.ജേക്കബ് ആരോപിച്ചു. 

ഈ തിരഞ്ഞെടുപ്പോടു കൂടി കേരളത്തില്‍ നിന്നും ട്വന്‍റി20 യെ തുടച്ചു നീക്കുക എന്ന ലക്ഷ്യമായിരുന്നു ഇവര്‍ക്ക്. രണ്ടു മാസമായി സിപിഎമ്മിന്റെ നേതൃത്വത്തിലും കോൺഗ്രസിന്റെ നേതൃത്വത്തിലും പ്രതിപക്ഷ നേതാവ് അടക്കം ഉള്‍പ്പെട്ട വലിയ ഗൂഢാലോചന നടന്നു. ക്യാമറ നിരീക്ഷണം ഏർപ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നും ക്യാമറ കൈകാര്യം ചെയ്യേണ്ടവർക്കുള്ള പാസുകൾ കോണ്‍ഗ്രസ്–സിപിഎം നേതൃത്വം മുക്കിയെന്നും സാബു ആരോപിച്ചു. 

ജനാധിപത്യം അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനയാണിത്. ഇവിടെ കോണ്‍ഗ്രസിനും സിപിഎമ്മിനും പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളില്ല. ഇരുകൂട്ടര്‍ക്കും സ്ഥാനാര്‍ഥിയും നേതൃത്വവും ഒന്നാണ്. ശ്രീനിജന്‍ ഇന്നും കോണ്‍ഗ്രസാണോ സിപിഎമ്മണോ എന്നറിയില്ല. രണ്ടിന്‍റെയും നേതൃത്വം ശ്രീനിജനാണെന്നും സാബു ആരോപിച്ചു. 

ഇന്നലെ ആദ്യ ഘട്ട വോട്ടെടുപ്പിനിടെ കുന്നത്തുനാട് സാബു എം ജേക്കബ് വോട്ട് ചെയ്തിറങ്ങിയ ബൂത്തിന് പുറത്ത് സംഘര്‍ഷമുണ്ടായിരുന്നു. സാബുവിന്‍റെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരെ ഒരുകൂട്ടം തടയുകയും കയ്യാങ്കളി ഉണ്ടാവുകയും ചെയ്തിരുന്നു. 

ENGLISH SUMMARY:

Twenty20 Chief Coordinator Sabu M. Jacob alleged that a 'Kannur model' booth capture took place in Kizhakkambalam as part of a conspiracy to wipe out Twenty20 from Kerala politics. He accused a high-level conspiracy involving both the Congress and CPM, claiming that MLA Sreenijan controls both parties locally. Sabu also alleged that a High Court order for camera surveillance was ignored, and crucial media passes were blocked by the rival fronts, aiming to sabotage democracy. The allegations follow a scuffle that occurred outside the polling booth after Sabu M. Jacob cast his vote in Kunnathunad.