TOPICS COVERED

കൊച്ചി തോപ്പുംപടി ഹാർബർ നവീകരണത്തിന്‍റെ ഭാഗമായി ലേല ഹാൾ ഡിസംബറിൽ പ്രവർത്തന സജ്ജമാകും. ഡ്രെഡ്ജിങ് ഉടൻ ആരംഭിക്കും. നവീകരണത്തിലെ പ്രതിസന്ധികൾ പരിഹരിക്കാൻ പോർട്ട് ചെയർമാൻ അധ്യക്ഷനായുള്ള സബ് കമ്മിറ്റി അടിയന്തരമായി യോഗം ചേരും. ഹാർബർ നിർമാണ പുരോഗതി ഹൈബി ഈഡൻ എം.പി വിലയിരുത്തി.

കേന്ദ്ര ഫിഷറീസ് വകുപ്പിൽ നിന്ന് ലഭിച്ച 50 കോടി രൂപയും കേന്ദ്രസർക്കാരിൻറെ സാഗർമാല പദ്ധതിപ്രകാരമുള്ള 50 കോടി രൂപയും പോർട്ട് ട്രസ്റ്റിന്‍റെ 12 കോടി രൂപയും ഉൾപ്പെടെ 112 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നിലവിൽ തോപ്പുംപടി ഹാർബറിൽ നടക്കുന്നത്. നിർമാണ പുരോഗതി വിലയിരുത്താൻ ഹാർബറിലെത്തിയ ഹൈബി ഈഡൻ എംപി കരാറുകാരനും ബോട്ട് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളും തൊഴിലാളി സഘടനാ നേതാക്കളുമായും ചർച്ച നടത്തി. 

ലേല ഹാൾ ഡിസംബർ ആദ്യ ആഴ്ച്ചയോടെ പ്രവർത്തന സജ്ജമാക്കണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു. എയർ കണ്ടിഷനിങ് ജോലികൾ രാത്രിയിൽ പൂർത്തികരിക്കാൻ സഹകരിക്കുമെന്ന് തൊഴിലാളികൾ ഉറപ്പ് നൽകി. ഹാർബറിലേയ്ക്ക് പ്രവേശിക്കുന്ന റോഡ് ഏറെ മോശം അവസ്ഥയിലാണ്. അടിയന്തര പ്രാധാന്യത്തോടെ റോഡിലെ കുഴികൾ അടയ്ക്കേണ്ടതുണ്ട്. ഹാർബർ നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് റോഡ് മുഴുവൻ ഇന്‍റര്‍ലോക്ക് ടൈൽ വിരിക്കും.